തിരുവനന്തപുരം : പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മരുന്നും മതിയായ ചികിത്സയും കിട്ടാതെ വരുമ്പോഴും മന്ത്രിമാരും അവരുടെ കുടുംബാഗംങ്ങളും പഞ്ചനക്ഷത്ര ആശുപത്രികളില്‍ ചികിത്സ തേടിയതിന് ലക്ഷങ്ങളാണ് ഖജനാവില്‍ നിന്ന് നല്‍കുന്നത്. തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിക്കും കുടുംബത്തിനും കൂടി 10 ലക്ഷത്തിലധികം രൂപയാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ നല്‍കിയത്. മന്ത്രിമാര്‍ ആരും തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലോ, പൊതുജനാരോഗ്യ കേന്ദ്രങ്ങളിലോ ചികിത്സ തേടുന്നില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷും ഭാര്യ നിനിതയും എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സ തേടിയതിന് 2,45, 833 രൂപ ഖജനാവില്‍ നിന്ന് വാങ്ങിയത് ചർച്ച ചെയ്യപ്പെട്ടിരുന്നു
ആരോഗ്യ മേഖലയില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച് രാജ്യത്ത് ആദ്യമായി സോഷ്യല്‍ ഓഡിറ്റിങ്ങ് തുടങ്ങിയ സംസ്ഥാനം കേരളമാണെന്ന് കൊട്ടിഘോഷിക്കുമ്പോഴാണ് മന്ത്രിമാര്‍ പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ഉപേക്ഷിച്ച് സ്വകാര്യ മേഖലയില്‍ ചികിത്സ തേടുന്നത്. രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജെന്ന ഖ്യാതിയുളള തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയും അവിടുത്തെ വിദഗ്ദ്ധ ഡോക്ടര്‍മാരും ഉളളപ്പോഴാണ് മന്ത്രിമാരും അവരുടെ കുടുംബാഗംങ്ങളും പഞ്ച നക്ഷത്ര ആശുപത്രികളില്‍ ചികിത്സ തേടുന്നത്. മന്ത്രി ശിവന്‍കുട്ടിയും ഭാര്യ പാര്‍വ്വതി ദേവിയും തലസ്ഥാനത്തെ കിംസ്, ജ്യോതിദേവ് ഡയബറ്റിക് സെന്റര്‍ എന്നീ ആശുപത്രികളില്‍ ചികിത്സ തേടിയതിന് 10,12,894 (പത്ത് ലക്ഷത്തി പന്ത്രണ്ടായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി നാല്) രൂപ ഖജനാവില്‍ നിന്ന് അനുവദിച്ചതിൻ്റെ രേഖകള്‍ മാധ്യമ സിന്‍ഡിക്കറ്റ് പുറത്തു വിടുന്നു. അഞ്ച് ഉത്തരവുകളിലായാണ് ഈ തുക അനുവദിച്ചത്. 2021 മുതല്‍ 2023 ഏപ്രില്‍ വരെയുള്ള തുകയാണ് അനുവദിച്ച് ഉത്തരവിറങ്ങിയത്
.പ്രാഥമിക ആരോഗ്യ സേവനം മെച്ചപ്പെട്ട നിലയില്‍ ലഭിക്കുന്ന സംസ്ഥാനമാണ് കേരളമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. സര്‍ക്കാര്‍ മേഖലയില്‍ നൂനതമായ ചികിത്സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചുവെന്ന് പ്രചരിപ്പിക്കുമ്പോഴാണ് മന്ത്രിമാരും അവരുടെ കുടുംബാഗംങ്ങളും സ്വകാര്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടി പോകുന്നത്. നിസാരമായ പല്ല് വേദനയ്ക്ക് പോലും പതിനായിരങ്ങള്‍ മുടക്കി സ്വകാര്യ സ്ഥാപനങ്ങളില്‍ ചികിത്സ തേടുന്ന മന്ത്രിമാരാണ് പൊതുജനാരോഗ്യ രംഗത്തെ കുറിച്ച് ആവേശം കൊണ്ട് ജനങ്ങളോട് സംസാരിക്കാറുളളത്. ക്ഷേമ പെന്‍ഷനും, ശമ്പളവും മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ ഖജനാവില്‍ പണമില്ലാത്തപ്പോഴാണ് മന്ത്രിമാരുടെ ചികിത്സ ബില്ലുകള്‍ കൃത്യമായി നല്‍കുന്നത്