പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; 14 ന് ചുമതലയേല്‍ക്കും


 
തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കെത്തിയ പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ്. നവംബര്‍ 14 ന് രാവിലെ 11 ന് ദേവസ്വം സെക്രട്ടറി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് പ്രശാന്ത് ചുമതലയേല്‍ക്കും. നിലവിലെ പ്രസിഡന്റ് കെ അനന്തഗോപന്റെ കാലാവധി 13 ന് അവസാനിക്കും. 

കെപിസിസി സെക്രട്ടറിയും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും ആയിരുന്ന പ്രശാന്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മന്ത്രി ജി ആര്‍ അനിലിനോട് തോറ്റു. ഇതിനു ശേഷമാണ് തോല്‍വിക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് ആരോപിച്ച് പ്രശാന്ത് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. 

നിലവില്‍ സിപിഎം ബ്രാഞ്ച് അംഗവും കര്‍ഷക സംഘം തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റുമാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പി എസ് പ്രശാന്തിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആക്കണമെന്ന നിര്‍ദേശം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് മുമ്പാകെ വെച്ചത്. 

ദേവസ്വം ബോര്‍ഡ് അംഗമായി സിപിഐയിലെ എ അജികുമാറും 14 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗമായ അജികുമാര്‍, കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമായിരുന്നു. സിപിഐ നോമിനി ജീവന്‍കുമാറിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് അജികുമാരിന്റെ നിയമനം.
أحدث أقدم