കോട്ടയം: മണർകാട് 15 വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ പ്രതി അജേഷ് കുറ്റക്കാരനെന്ന് വിചാരണ കോടതി. പ്രതിക്ക് പോക്സോ നിയമപ്രകാരം 20 വർഷം തടവും ഐപിസി 302 അനുസരിച്ച് ജീവപര്യന്തവുമാണ് ശിക്ഷ. കോട്ടയം അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
2019 ജനുവരി 17 ന് മണർകാട് അരീപ്പമ്പിലാണ് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 15 വയസുകാരിയായ പെൺകുട്ടിയെ താമസ സ്ഥലത്ത് വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അജേഷ് താമസ സ്ഥലത്ത് തന്നെ കുഴിച്ചിടുകയായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് പെൺകുട്ടിയെ കുഴിച്ചിട്ടത് പീഡിപ്പിച്ച ശേഷമാണണെന്ന് വ്യക്തമായത്. ശ്വാസം മുട്ടിയായിരുന്നു പെൺകുട്ടിയുടെ മരണം. കഴുത്തിൽ ഷാളും കയറും മുറുക്കിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. കൊലപ്പെടുത്തും മുൻപ് പെൺകുട്ടിയെ ബോധം കെടുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും പ്രതി മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
മണർകാട് മാലം സ്വദേശിയാണ് കേസിൽ ശിക്ഷിക്കപ്പെട്ട അജേഷ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രണ്ടര ദിവസത്തിന് ശേഷമാണ് മൃതദേഹം അജേഷിന്റെ വീട്ടുവളപ്പിൽ കണ്ടെത്തിയത്. 2019 ജനുവരി 17 നാണ് പെൺകുട്ടിയെ അജേഷ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അന്നേ ദിവസം ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം അരങ്ങേറിയത്. രാത്രി വരെ വീട്ടിൽ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ മൃതദേഹം സൂക്ഷിച്ചു. രാത്രി ഇവിടെ നിന്നും വലിച്ചുകൊണ്ടുപോയി വാഴത്തോട്ടത്തിൽ കുഴിച്ചുമൂടുകയായിരുന്നു.