ദുബായ്: ഗള്‍ഫിലെ ആദ്യത്തെ ജലവൈദ്യുത നിലയം 2025ല്‍ ദുബായില്‍ പ്രവര്‍ത്തനമാരംഭിക്കും. ഹത്തയിലാണ് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയുടെ ജലവൈദ്യുത നിലയം വരുന്നത്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്ലാന്റ് സന്ദര്‍ശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തി.യുഎഇയെ ഗള്‍ഫ് മേഖലയിലെ പരിസ്ഥിതി സൗഹൃദ ഊര്‍ജകേന്ദ്രമായി മാറ്റാനുള്ള നടപടികളുടെ തുടര്‍ച്ചയായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. 387 മില്യണ്‍ ഡോളറിന്റെ പദ്ധതിയാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് ജിസിസി മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യ പദ്ധതി വരുന്നതെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.ഹട്ട അണക്കെട്ടിലെ വെള്ളവും മലനിരകളില്‍ പുതുതായി നിര്‍മിച്ച അപ്പര്‍ റിസര്‍വോയറില്‍ നിന്നുമുള്ള വെള്ളവുമാണ് ജലവൈദ്യുത നിലയം ഉപയോഗപ്പെടുത്തുക. അണക്കെട്ടില്‍ നിന്ന് അപ്പര്‍ റിസര്‍വോയറിലേക്ക് തിരക്കില്ലാത്ത സമയങ്ങളില്‍ വെള്ളം പമ്പ് ചെയ്യും. ഇതിനായി അത്യാധുനിക ടര്‍ബൈനുകള്‍ ശുദ്ധമായ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കും. മുകളിലെ റിസര്‍വോയറില്‍ നിന്ന് 1.2 കിലോമീറ്റര്‍ ഭൂഗര്‍ഭ കനാലിലൂടെ വെള്ളം ഒഴുക്കി ടര്‍ബൈനുകള്‍ കറക്കിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.ഹരിത സമ്പദ്വ്യവസ്ഥയുടെ കേന്ദ്രമെന്ന നിലയില്‍ നഗരത്തിന്റെ മഹത്തായ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുമുള്ള ഊര്‍ജ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഭരണനേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് പദ്ധതി തെളിയിക്കുന്നതെന്ന് ഷെയ്ഖ് ഹംദാന്‍ ചൂണ്ടിക്കാട്ടി.ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയുടെ സുസ്ഥിര പദ്ധതികളില്‍ സുപ്രധാന മുതല്‍ക്കൂട്ടായി ഇത് മാറും. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിന് ഹരിത ഊര്‍ജ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുകയാണ് രാജ്യം. ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050 എന്ന പേരില്‍ ഇതിനായുള്ള നയങ്ങള്‍ യുഎഇ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നു. ഹരിത സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുക, കാര്‍ബണ്‍ പുറന്തള്ളല്‍ ലഘൂകരിക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുക എന്നീ ലക്ഷ്യങ്ങളോടെ ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി സമഗ്ര പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
ഗള്‍ഫിലെ ആദ്യ ജലവൈദ്യുത നിലയം ദുബായില്‍ 2025ല്‍ തുറക്കും
jibin
0