കൊച്ചി : ബൈക്കിൽ കറങ്ങി പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയയാൾ കൊച്ചിയിൽ പിടിയിൽ. തോപ്പുംപടി മുണ്ടംവേലിയിൽ നിന്നുള്ള 22കാരൻ അഗസ്റ്റിൻ മെൽവിൻ ആണ് കുടുങ്ങിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഫോർട്ട് കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് പോയ വിദ്യാർഥിനികളെ ഒരാൾ ബൈക്കിലെത്തി കയറിപ്പിടിച്ച ശേഷം രക്ഷപ്പെട്ടതായി പോലീസിൽ പരാതി എത്തി. ഇതിൻ്റെ അന്വേഷണത്തിനിടെ തോപ്പുംപടി സ്റ്റേഷനിലും സമാനമായൊരു പരാതി ഉള്ളതായി കണ്ടെത്തി. തുടർന്ന് സംയുക്തമായി നടത്തിയ തിരച്ചിലിൽ ആണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അറസ്റ്റ് ചെയ്ത ശേഷം നടത്തിയ വിശദ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. കുറ്റകൃത്യം ചെയ്യുമ്പോൾ ഉപയോഗിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സമാനമായ വിധത്തിൽ മറ്റു പലരെയും പ്രതി ഉപദ്രവിച്ചിട്ടുള്ളതായി വിവരമുണ്ട്. ഇത് സംബന്ധിച്ച് ചില വിവരങ്ങൾ പോലീസിന് കിട്ടിയതാണ് സൂചന. എന്നാൽ പലരും പരാതിപ്പെടാൻ മടിക്കുന്നതാണ് അന്വേഷണത്തിന് തടസം ആകുന്നത്.