നീലഗിരി : തന്റെ സ്ഥാപനത്തിന്റെ വളർച്ചയ്ക്കു കാരണക്കാരായ തൊഴിലാളികൾക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ദീപാവലി സമ്മാനവുമായി ഒരു തോട്ടം ഉടമ. നീലഗിരി ജില്ലയിലെ ശിവകാമി തേയിലത്തോട്ടം ഉടമയാണ് തന്റെ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ദീപാവലി സമ്മാനമായി ഇരുചക്രവാഹനങ്ങൾ വാങ്ങി നൽകിയത്. ഇദ്ദേഹത്തിന്റെ തോട്ടത്തിൽ 600 തൊഴിലാളികളാണു ജോലി ചെയ്യുന്നത്. ഇതിൽ നിന്നു തിരഞ്ഞെടുത്ത 30 പേർക്കാണ് ഇരുചക്ര വാഹനം സമ്മാനിച്ചത്.
വാച്ച്മാൻ മുതൽ മാനേജർ വരെയുള്ളവരുടെ ഹിതം മനസ്സിലാക്കിയാണു സമ്മാനങ്ങൾ വാങ്ങി നൽകിയത്. 2.70 ലക്ഷം രൂപ വിലയുള്ള 2 എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റുകൾ, 2.45 ലക്ഷം രൂപ വിലയുള്ള 4 ബുള്ളറ്റ് ക്ലാസിക്, 2 ലക്ഷം രൂപ വിലയുള്ള 7 ബുള്ളറ്റ് ഹണ്ടറുകൾ, 1.20 ലക്ഷം രൂപ വിലയുള്ള 15 യമഹ സ്കൂട്ടറുകൾ എന്നിവയാണു നൽകിയത്. ബാക്കിയുള്ള തൊഴിലാളികൾക്ക് സ്മാർട് ടിവി, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയും പണവുമെല്ലാം ബോണസായി ലഭിച്ചു. നേരത്തെ തന്റെ യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ദീപാവലി ദിനത്തിൽ കുമാർ വീട്ടുപകരണങ്ങളും ക്യാഷ് ബോണസും സമ്മാനമായി നൽകിയിരുന്നു. എന്നാൽ ഈ വർഷം അവരുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായാണ് രണ്ട് ലക്ഷം രൂപയിലധികം വിലയുള്ള ബൈക്കുകൾ ജീവനക്കാർക്ക് നൽകാൻ കാരണം.