പ്രവാസികള്‍ക്ക് തിരിച്ചടി; യുഎഇയിലെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തില്‍ 35 ശതമാനം വരെ വര്‍ധന


 

അബുദാബി: പ്രവാസികള്‍, അവരുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായ യുഎഇയില്‍ കമ്പനികള്‍ പ്രീമിയം തുക ഉയര്‍ത്തി. 10 മുതല്‍ 35 ശതമാനം വരെ പ്രീമിയം വര്‍ധിപ്പിച്ചത് പ്രവാസി കുടുംബങ്ങളെ ദോഷകരമായി ബാധിക്കും.കഴിഞ്ഞ രണ്ട് മാസത്തിനിടെ പന്ത്രണ്ടോളം ഇന്‍ഷുറന്‍സ് കമ്പനികളാണ് പ്രീമിയം ഉയര്‍ത്തിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചികില്‍സാ ചെലവുകള്‍ വര്‍ധിച്ചെന്ന് ചൂണ്ടിക്കാട്ടി മറ്റുള്ള കമ്പനികളും നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ചുരുക്കം കമ്പനികള്‍ മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിക്ഷ നല്‍കുന്നത്.രാജ്യത്ത് ജോലിചെയ്യുന്ന വിദേശികളെ തൊഴിലുടമ ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേര്‍ത്താല്‍ മാത്രമേ റെസിഡന്റ് പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. ജോലിക്കാരുടെ ഇന്‍ഷുറന്‍സ് തുക തൊഴിലുടമകള്‍ അടയ്ക്കുമെങ്കിലും ജോലിക്കാരുടെ കുടുംബാംഗങ്ങളുടെ പ്രീമിയം നല്‍കുന്നത് അവരുടെ സ്‌പോണ്‍സറായ കുടുംബനാഥനാണ്. പ്രീമിയം നിരക്ക് ഉയര്‍ന്നതോടെ കുടുംബങ്ങളായി രാജ്യത്ത് കഴിയുന്നവര്‍ക്ക് ഈ ഇനത്തിലേക്ക് കൂടുതല്‍ തുക നീക്കിവയ്‌ക്കേണ്ടിവരും.കൊവിഡിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിച്ചതായും മരുന്നിന്റെയും ചികിത്സയുടെയും ചെലവ് ഉയര്‍ന്നതായും ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നു. പണപ്പെരുപ്പം മൂലമുണ്ടായ ചെലവുകളിലെ വര്‍ധന, വൈദ്യചികിത്സ, മരുന്നുകള്‍, മെഡിക്കല്‍ സാങ്കേതികവിദ്യ എന്നിവയുടെ വര്‍ധിച്ചുവരുന്ന ചെലവ്, പ്രായമായവരുടെ ജനസംഖ്യാ നിരക്ക് ഉയര്‍ന്നത്, വിട്ടുമാറാത്ത രോഗങ്ങളുടെ വ്യാപനം എന്നിവ പോലുള്ള നിരവധി ഘടകങ്ങള്‍ പ്രീമിയം വര്‍ധിക്കാനുള്ള കാരണമായി കമ്പനികള്‍ നിരത്തുന്നു.2023 ഓഗസ്റ്റ് മുതല്‍ നിരക്കുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയെന്ന് ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും വര്‍ധന തുടര്‍ന്നു. ചില ഇന്‍ഷുറന്‍സ് കമ്പനികളുടെ അടിസ്ഥാന പ്ലാനുകളുടെ പ്രീമിയത്തില്‍ മാറ്റംവരുത്തിയിട്ടില്ലെങ്കിലും പ്രായപരിധി നിശ്ചയിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് പ്ലാനുകളുടെ പ്രീമിയം വര്‍ധിച്ചിട്ടുണ്ട്.


അപേക്ഷകന്റെ പ്രായം അനുസരിച്ച് ശരാശരി 10 ശതമാനം മുതല്‍ 35 ശതമാനം വരെ വര്‍ധിച്ചതായി പോളിസി ബസാര്‍ കമ്പനിയിലെ ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സ് വിഭാഗം തലവന്‍ തോഷിത ചൗഹാന്‍ വെളിപ്പെടുത്തി. ഓരോ വര്‍ഷവും 15 ശതമാനം മുതല്‍ 20 ശതമാനം വരെ ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്കുകള്‍ ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറയുന്നു.ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത്. ലോകോത്തര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന രാജ്യത്ത് ധാരാളം ആരോഗ്യ ടൂറിസ്റ്റുകളും എത്തുന്നുണ്ട്. ദുബായില്‍ മാത്രം കഴിഞ്ഞ വര്‍ഷം 674,000 മെഡിക്കല്‍ ടൂറിസ്റ്റുകളെത്തി. 99.2 കോടി ദിര്‍ഹം ചികില്‍സയ്ക്കായി ചെലവഴിച്ചുവെന്നും മുന്‍ വര്‍ഷത്തേക്കാള്‍ 26.2 കോടി ദിര്‍ഹത്തിന്റെ വര്‍ധനവാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
أحدث أقدم