പാലാ : പ്രമുഖ വ്യാപാരസ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ബീഹാർ സ്വദേശികൾ കൂടി പോലീസിന്റെ പിടിയിലായി. ബീഹാർ സ്വദേശികളായ നിഹാൽകുമാർ (20) സഹില്‍കുമാര്‍ (19) എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. 2023 ജനുവരി 31- ന് പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും ഇവര്‍ ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ എം.ഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, വ്യാജ വാട്സ്ആപ്പ് മുഖാന്തിരം മാനേജരുടെ ഫോണിലേക്ക് താൻ കോൺഫറൻസിൽ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടൻ തന്നെ പണം അയക്കണമെന്നും, കോൺഫറൻസിൽ ആയതിനാൽ തന്നെ തിരികെ വിളിക്കരുത് എന്ന സന്ദേശവും എം.ഡി.ആണെന്ന വ്യാജേന അയക്കുകയായിരുന്നു. ഇതിൽ പ്രകാരം സ്ഥാപനത്തിൽ നിന്നും 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. തുടർന്ന് തട്ടിപ്പ് മനസ്സിലായ സ്ഥാപന ഉടമ പാലാ പോലീസിൽ പരാതി നൽകുകയും, പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികൾ അന്യസംസ്ഥാനത്ത് ഉള്ളവരാണെന്ന് കണ്ടെത്തുകയുമായിരുന്നു.ഇവരെ പിടികൂടുന്നതിനു വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഉത്തർപ്രദേശിലെത്തി യു.പി ഔറാദത്ത് സന്ത്കബിർനഗർ സ്വദേശികളായ സങ്കം (19), ദീപക് (23), അമർനാഥ് (19), അമിത് (21), അതീഷ് (20) എന്നിവരെ സാഹസികമായി പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണസംഘം ബീഹാറിൽ നടത്തിയ തിരച്ചിലിലാണ് ഇവർ കൂടി പോലീസിന്റെ പിടിയിലാവുന്നത്. ഇവരെ ബീഹാറിലെ പാറ്റ്നയിൽ നിന്നും അതി സാഹസികമായി അന്വേഷണസംഘം പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, രാമപുരം എസ്.ഐ മനോജ്, സി.പി.ഓ മാരായ സന്തോഷ്, ജോഷിമാത്യു, ജിനു ആർ.നാഥ്, രാഹുൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
പാലായിൽ 35 ലക്ഷം രൂപ തട്ടിയെടുത്തകേസിൽ രണ്ട് ബീഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ.
jibin
0