കേരളത്തിന് ലഭിക്കുമോ മോദി പറഞ്ഞ ഈ രാജകീയ യാത്രാസൗകര്യം? 3,600 ബസുകൾ വാങ്ങും, സർവീസ് നടത്തുന്നത് 45 നഗരങ്ങളിൽ



ന്യൂഡൽഹി: പൊതുഗതാഗതം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച പിഎം 'ഇ - ബസ് സേവ' പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളമില്ല. പൊതു - സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കുന്ന പദ്ധതി പത്ത് സംസ്ഥാനങ്ങളിൽ നടപ്പാക്കും. പദ്ധതിക്കായുള്ള 3,600 ബസുകൾ വാങ്ങാനും നടത്തിപ്പിനും പരിപാലനത്തിനുമുള്ള കരാർ വിളിക്കും. ഇതിനായുള്ള കരാർ രേഖ വിജ്ഞാപനം ചെയ്തു.വാങ്ങുന്ന ബസുകൾ 45 നഗരങ്ങളിൽ സർവീസ് നടത്തും. ബിഹാർ, ചണ്ഡീഗഡ്, ഗുജറാത്ത്, ഹരിയാന, ജമ്മു - കശ്മീർ, മഹാരാഷ്ട്ര, മേഖാലയ, ഒഡീഷ, പുതുച്ചേരി, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കാണ് ആദ്യഘത്തിൽ കരാർ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതിയുടെ ഭാഗമാകും.പദ്ധതിയുടെ ഭാഗമായി ജനസംഖ്യാടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 100 നഗരങ്ങളിൽ 10,000 ബസുകൾ നിരത്തിലിറങ്ങും. മഹാരാഷ്ട്രയിൽ 1,453 ഇ ബസുകളും ഗുജറാത്തിന് 425 ബസുകളും ഒഡീഷയ്ക്ക് 350 ബസുകളും പഞ്ചാബിന് 347 ബസുകളും ജമ്മു കശ്മീരിനും ഹരിയാനയ്ക്കും 200 എണ്ണം വീതവും ചണ്ഡീഗഡിന് 100, പുതുച്ചേരിക്ക് 75, മേഘാലയയ്ക്ക് 50 ബസുകളും ലഭിക്കുമെന്നാണ് റിപ്പോർട്ട്. നാൽപ്പത് ലക്ഷം ജനസംഖ്യയുള്ള നഗരങ്ങൾക്ക് 150 ബസുകൾ ലഭിക്കാൻ അർഹതയുണ്ട്.


ഒന്നുമുതൽ രണ്ടുവരെ ദശലക്ഷം സാന്ദ്രതയുള്ള നഗരങ്ങൾക്ക് 100 ബസുകളും അഞ്ച് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്ക് 50 ബസുകളും ലഭിച്ചേക്കും. കേരളത്തിലെ പത്ത് നഗരങ്ങൾ പദ്ധതിയുടെ മുൻഗണനപ്പട്ടികയിലുണ്ട്. മുഴുവൻ 169 നഗരങ്ങളുടെ പട്ടികയാണ് നഗരകാര്യ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ കേരളത്തിന് ബസുകൾ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്ര മന്ത്രിസഭ 57,613 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. 20,000 കോടി രൂപ രൂപയുടെ സഹായം കേന്ദ്ര സർക്കാർ നൽകും. ബാക്കി തുക സംസ്ഥാന സർക്കാരുകളും പദ്ധതിയുടെ ഭാഗമാകുന്ന സ്വകാര്യപങ്കാളികൾ എന്നിവരാണ് വഹിക്കേണ്ടത്. കേന്ദ്ര ഭരണ പ്രദേശങ്ങൾ വടക്കുകിഴക്കൻ മേഖലകൾ, മലയോര സംസ്ഥാനങ്ങൾ എന്നിവടങ്ങളിൽ പദ്ധതിക്കായുള്ള തുകയുടെ 90 ശതമാനം കേന്ദ്രം നൽകും.
أحدث أقدم