'4 ആം തീയതി കുടിച്ചത് 12 കുപ്പി ബിയർ'! ഇൻസുലിൻ എടുക്കുന്നുണ്ടായിരുന്നു, ലിവർ സിറോസിസ് രോഗി ആയിരുന്നു; കലാഭവൻ മണിയുടെ മരണ കാരണം തുറന്നു പറഞ്ഞ് ഉണ്ണിരാജൻ ഐപിഎസ്!

 


മലയാള സിനിമയിൽ ഒട്ടേറെ താരങ്ങളുടെ വിയോഗം പ്രേക്ഷകർക്ക് ദുഃഖങ്ങൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും അതിൽ ഒരിക്കലും മാറാത്ത ദുഃഖമായി നിലനിൽക്കുന്ന ഒന്നാണ് നടൻ കലാഭവൻ മണിയുടെ മരണം. മലയാളി പ്രേക്ഷകർ ഒരിക്കലും മറവിയ്ക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിക്കത്തൊരു മുഖം. മലയാളി മനസുകളിൽ ഇന്നും തീരാത്ത ഒരു വേദന തന്നെയാണ് ആ അപ്രതീക്ഷിത മരണം. അഭിനയത്തേയും കലയെയും ജീവനോളം സ്നേഹിച്ച ആ അതുല്യ കലാകാരൻ വിടപറഞ്ഞിട്ട് ഏഴു വര്ഷം പിന്നിട്ടിരിക്കുന്നു. പകരം വയ്ക്കാൻ ആളില്ലാത്ത വിധം കലാഭവൻ മണി എന്ന അതുല്യ കലാകാരൻ മലയാള സിനിമയ്ക്കു സമ്മാനിച്ചത് ഓട്ടോറിക്ഷക്കാരൻ എന്ന നിലയിൽ ജീവിതം തുടങ്ങിയ സിനിമാ പ്രേമിയായ ഒരു സാധാരണക്കാരന്റെ വളർച്ചയായിരുന്നു. മണിയുടെ മരണത്തെക്കുറിച്ച് സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഉണ്ണിരാജൻ ഐപിഎസിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറൽ ആവുന്നത്.

"5 - 03 - 2016 ലാണ് പുലർച്ചെ ബ്ലഡ് ശർദ്ധിച്ചതിനെ തുടർന്ന് അബോധാവസ്ഥയിൽ ചാലക്കുടിയിലുള്ള ഒരു ആശുപത്രിയിലേക്കും പിന്നീട് അമൃത ആശുപത്രിയിലേക്കും മാറ്റുന്നത്. മണിയുടെ അച്ഛൻ പണ്ട് ജോലി ചെയ്തിരുന്ന പറമ്പ് മണി വാങ്ങുകയും ചാലക്കുടി പുഴയുടെ തീരത്തുള്ള ആ പറമ്പിൽ ഓല കൊണ്ട് മേഞ്ഞ ഒരു ഷെഡും അതിനോട് ചേർന്ന് ചെറിയ ഒരു മുറിയും സിറ്റ് ഔട്ടും ഉള്ള ഒരു വീടും പണിതിട്ടിരുന്നു. ഇതിനെയാണ് മണിയുടെ പാഡി എന്നറിയപ്പെട്ടിരുന്നത്. മണി നാട്ടിലുണ്ടെങ്കിൽ കൂടുതൽ സമയവും ഈ പാഡിയിൽ ആയിരുന്നു താമസം. നാട്ടുകാരും സുഹൃത്തുക്കളുമായി കുറെയധികം ആളുകൾ ഒപ്പമുണ്ടാകും.

അവിടെ ഭക്ഷണം ഉണ്ടാക്കാനും മദ്യം വാങ്ങികൊണ്ടുവരാനുമൊക്കെ ആൾക്കാർ ഉണ്ടാവും. നാലാം തീയതി വൈകിട്ട് ഇടുക്കി ജാഫർ, നാദിർഷ, തരികിട സാബു തുടങ്ങിയവർ മണിയെ കാണാൻ അവിടെയെത്തിയിട്ടുണ്ട്. അവിടെ ബീഫ് ഉണ്ടാക്കലും ചീട്ടുകളിയും മദ്യവുമൊക്കെയായി വലിയ ആഘോഷങ്ങൾ ആയിരുന്നു. മണി ബിയർ മാത്രമേ കുടിക്കുള്ളു, അതുകൊണ്ട് എട്ടോ പത്തോ ബോട്ടിൽ ബിയറും ഉണ്ട്. മണി ഡയബറ്റിക് പേഷ്യന്റ് ആയിരുന്നു, ഇൻസുലിനും മരുന്നും എടുക്കുന്നുണ്ടായിരുന്നു. ശരീരം ക്ഷീണിച്ചു വരുന്നുണ്ടായിരുന്നു. ഇടുക്കി ജാഫറും സാബുവുമൊക്കെ അവിടുത്തെ സത്കാരം ഒക്കെ കഴിഞ്ഞ് രാത്രി വളരെ വൈകിയാണ് തിരിച്ചു പോയത്. രാത്രി 2 മണിയോട് അടുത്താണ് മണിയും ബാക്കിയുള്ള സുഹൃത്തുക്കളും ഭക്ഷണം കഴിക്കുന്നത്.

വെളുപ്പിനെ 5. 40 നു മണി എഴുനേറ്റ് ഒരു ബിയർ കൂടി പൊട്ടിച്ചു കുടിച്ചു. എന്നിട്ട് റൂമിൽ നിന്നും ഇറങ്ങി പാഡിയിൽ കിടക്കുന്ന സുഹൃത്തുക്കളുടെ കൂടെ പോയി അവരെ കെട്ടിപിടിച്ച് കിടന്നു. പിന്നെ ഏഴുമണിക്ക് മണി വീണ്ടും റൂമിലേക്ക് പോയി. ഇൻസുലിൻ എടുത്തു കൊടുക്കുന്നത് ഒരു സുഹൃത്ത് ആണ്. ഇൻസുലിൻ എടുക്കാൻ ചെന്നപ്പോൾ കാണുന്നത് രക്തം ശർദ്ധിക്കുന്നതാണ്. വാഷ് ബേസിന്റെ പുറത്തേക്ക് തെറിച്ചു വീണ ബ്ലഡ് മണി കൈ കൊണ്ട് തട്ടി അതിനുള്ളിലേക്ക് ഇട്ടു വെള്ളം ഒഴിക്കുകയായിരുന്നു. ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞപ്പോൾ തൊണ്ട മുറിഞ്ഞത് ആയിരിക്കും പോകണ്ട എന്ന് പറഞ്ഞിട്ട് കുടിക്കാൻ സോഫ്റ്റ് ഡ്രിങ്ക്സ് ചോദിച്ചു. അയാൾ അത് കൊടുക്കാൻ വരുമ്പോൾ കാണുന്നത് വീണ്ടും രക്തം ശർദ്ധിക്കുന്നതാണ്.

പറഞ്ഞത് ഒന്നും കേൾക്കാതെ മണി പോയി കിടന്നു. കൂടെയുണ്ടായിരുന്നയാൾ പോയി എല്ലാവരെയും വിളിച്ചു കൊണ്ട് വന്നു. അടുത്തുള്ള ഹോസ്പിറ്റലിൽ നിന്നും ഗുളിക കൊടുത്തു, അതും ശർദ്ധിച്ചു പോയി. പിന്നീടാണ് മണിയുടെ സുഹൃത്തായ ഒരു ഡോക്ടർ എത്തി നിർബന്ധിച്ച് അമൃതയിലേക്ക് മാറ്റുന്നത്. പോകുന്ന വഴിയ്ക്ക് ആയിരുന്നു മണിയുടെ വീടും അനിയന്റെ വീടുമൊക്കെ. പക്ഷെ മണിയ്ക്ക് എന്നും സുഹൃത്തുക്കളോടും സുഹൃത്തുക്കൾക്ക് തിരിച്ച് മണിയോടും ഒരു ആത്മബന്ധം കൂടുതലായിരുന്നു. അവർ അതുകൊണ്ട് തന്നെ ആവണം വീട്ടിലൊന്നും പറയാൻ നിൽക്കാതെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനാണ് നോക്കിയത്.

മരണ ശേഷം നടന്ന പരിശോധനകളിൽ മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യം ഉണ്ടായിരുന്നു എന്ന റിപ്പോർട്ട് ആണ് ലഭിച്ചത്. ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി മണിയുടെ പാഡി പല തവണ പരിശോധിച്ചിരുന്നു. അതിന്റെ പരിസരത്ത് കാണപ്പെട്ടിരുന്ന എല്ലാ വസ്തുക്കളും കണ്ടെടുക്കുകയും ചെയ്തു. സാധാരണ മദ്യപിക്കുമ്പോൾ ഈഥൈൽ ആൽക്കഹോളാണ് കാണാറുള്ളത് മീഥൈൽ ആൽക്കഹോളിന്റെ അംശം സാധാരണ കാണുന്നത് ടർപന്റൈൻ അല്ലെങ്കിൽ പെയിന്റ് റിമൂവറിലാണ്. 100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാമിൽ കൂടുതൽ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടെങ്കിൽ അത് അപകടകരമാണ്.

മണി അടുത്ത കാലത്തെങ്ങാനും ചാരായം വാറ്റിയത് കഴിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിച്ചത് പിന്നീട്. എന്നാൽ ഇതിനു മൂന്നു മാസം മുൻപ് ആണ് മണി ആരോ വാറ്റികൊണ്ടു വന്ന ചാരായം കുടിച്ചിട്ടുള്ളത്. പിന്നീട് മണി പോകുന്നത് മൂന്നാറാണ്. അവിടെ മണിക്കൊരു വീടുണ്ട്. അവിടെ കമ്പനി കൂടിയോ എന്ന് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു വിവരവും കിട്ടിയില്ല. മണിയുടെ ശരീരത്തിൽ വളരെ കുറച്ച് അളവേ മീഥൈൽ ആൽക്കഹോള്‍ ഉണ്ടായിരുന്നുള്ളൂ. സാധാരണ മീഥൈൽ ആൽക്കഹോള്‍ കഴിച്ചാൽ കണ്ണിന്റെ കാഴ്ച പോകും, മറ്റുള്ള അസ്വസ്ഥതകളൊക്കെയാണ് ഉണ്ടാകുന്നത്. മണി കുടിച്ചിരുന്ന ബിയറിന്റെ കുപ്പികളെല്ലാം കലക്റ്റ് ചെയ്തിട്ട് കെമിക്കൽ അനാലിസിസിന് അയച്ചു.

മണി ഡയബറ്റിസിനു വേണ്ടി കഴിക്കുന്ന ഒരു ടാബ്‍ലറ്റ് ഉണ്ട്. മണിക്ക് ഈ ടാബ്‍ലറ്റ് ഡോക്ടര്‍ വളരെ നേരത്തേ തന്നെ എഴുതി കൊടുത്തതാണ്. ഈ ടാബ്‌ലറ്റിനൊപ്പം മദ്യം കഴിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ ഇവ തമ്മിൽ രാസപ്രക്രിയ ഉണ്ടായി ശരീരത്തെ ദോഷകരമായി ബാധിക്കും. രാവിലെയും വൈകിട്ടും ഈ ടാബ്‌ലറ്റ് മണി കഴിക്കുന്നുണ്ട്. അന്ന് രാവിലെയും മണി ഈ ടാബ്‌ലറ്റ് കഴിച്ചിരുന്നു.ഇതോടൊപ്പം തന്നെ മണി ശാരീരകമായി വീക്ക് ആകാൻ തുടങ്ങിയിരുന്നു. നല്ല ആരോഗ്യമുള്ള മണി ആരോഗ്യം മോശമായപ്പോൾ മുതൽ ഷർട്ടിനുള്ളിൽ ഒന്നോരണ്ടോ സ്വെറ്റർ പോലുള്ള ബനിയൻ ഇട്ടാണ് പുറത്തേക്ക് പോയിരുന്നത്. എഴുന്നേറ്റു നിൽക്കാന്‍ പോലും വയ്യെങ്കിലും അവസാന സ്റ്റേജ് പരിപാടിയിൽ മൂന്നു മണിക്കൂറാണ് നിന്ന് പാടിയത്.

മണി ഒരു ലിവർ സിറോസിസ് രോഗി ആയിരുന്നു. ലിവർ പൊട്ടിയിട്ട് കഴുത്തിലുള്ള നേർവ്സിന് പലപ്പോഴും ബാൻഡിങ് നടത്തേണ്ടി വന്നിട്ടുണ്ട്. മണി പലപ്പോഴും ഇത് ശ്രദ്ധിച്ചിരുന്നില്ല.രക്തം ഛർദിക്കുന്നത് ലിവർ സിറോസിസിന്റെ ലക്ഷണമാണ്. മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12–13 കുപ്പി ബിയർ ആണ്. മരിക്കുന്നതിന്റെ തലേദിവസമായ 4–ാം തീയതിയും അതിന്റെ തലേന്ന് മൂന്നാം തീയതിയും മരിക്കുന്നതിന്റെ അന്ന് 5–ാം തീയതിയും മണി ബീയർ ഉപയോഗിച്ചിരുന്നു. നാലാം തിയതി 12 കുപ്പി ബിയർ കുടിച്ചിട്ടുണ്ടാകും. ഈ ബിയറുകളിൽ ആയിരുന്നു മീഥൈൽ ആൽക്കഹോള്‍.

ഒരുപാട് ബിയർ കഴിക്കുമ്പോൾ മീഥൈൽ ആൽക്കഹോളിന്റെ അളവ് കൂടുകയാണ് ചെയ്യുന്നത്. മണിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രത്യേകിച്ച് മണി ഒരു ലിവർ സിറോസിസ് രോഗി ആകുമ്പോള്‍ ഇത് പെട്ടെന്ന് ട്രിഗർ ചെയ്യും. ബിയർ കൂടുതൽ കഴിച്ചതുകൊണ്ടുണ്ടായ മീഥൈൽ ആൽക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ്. തനിക്ക് ലിവർ സിറോസിസ് ഉണ്ടെന്ന് അറിയാമായിരുന്നിട്ടും മണി ഇതിന് അഡിക്റ്റ് ആയതുകൊണ്ടാണോ എന്നറിയില്ല, അദ്ദേഹം കൂടുതലായി കഴിച്ചിരുന്നത് ബീയറായിരുന്നു. അത് അറിയാതെയാണെങ്കിലും മരണം വിലകൊടുത്തു മേടിക്കുന്നതിനു തുല്യമായിരുന്നു അത്" - ഉണ്ണിരാജൻ ഐപിഎസ് പറയുന്നു .

أحدث أقدم