റായ്പൂർ; ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ബെറ്റിംഗ് ആപ്പ് പ്രമോട്ടർമാരിൽ നിന്ന് 508 കോടി രൂപ കൈപ്പറ്റിയെന്ന് ആരോപണം. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഫോറൻസിക് തെളിവുകളും പണവുമായി വന്ന കാരിയറും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്നുമാണ് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം.
മഹാദേവ് ബുക്ക് ഓൺലൈൻ ബെറ്റിംഗ് ആപ്പ് പ്രമോട്ടർമാരിൽ നിന്നാണ് പണം കൈപ്പറ്റിയത്. ക്യാഷ് കാരിയറായ അസിം ദാസ് ആണ് പണവുമായി പിടിക്കപ്പെട്ടത്. ഇയാളുടെ വീട്ടിൽ നിന്നും വാഹനത്തിൽ നിന്നും 5.39 കോടി രൂപ പിടിച്ചിരുന്നു. ബാഗേൽ എന്ന പ്രമുഖ രാഷ്ട്രീയ നേതാവിന് നൽകാനായി യുഎഇയിൽ നിന്നും പണവുമായി ഇയാളെ അയയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തന ചിലവിനായിട്ടാണ് തുക കൈമാറാൻ നിർദ്ദേശിച്ചതെന്നും മഹാദേവ ബെറ്റിംഗ് ആപ്പ് പ്രമോട്ടർമാരാണ് തുക തന്നയച്ചതെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
റെയ്ഡിൽ 15.59 കോടി രൂപ കൂടി വെളിപ്പെട്ടതായും ഇത് മരവിപ്പിച്ചിട്ടുണ്ടെന്നും ഇഡി എക്‌സിലൂടെ അറിയിച്ചു. മഹാദേവ് ഓൺലൈൻ ബെറ്റിംഗ് ആപ്പിന്റെ മറവിൽ കളളപ്പണം വെളുപ്പിച്ച സംഭവത്തിൽ ഛത്തീസ്ഗഢിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെയും ആരോപണം ഉയർന്നത്.
എന്നാൽ ആരോപണം തന്നെ താറടിച്ചുകാണിക്കാനുളള രാഷ്ട്രീയ നീക്കമാണെന്ന നിലപാടിലാണ്
ഭൂപേഷ് ബാഗേൽ. ഛത്തീസ്ഗഢിൽ കോൺഗ്രസിനോട് ഏറ്റുമുട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മാത്രം വിചാരിച്ചാൽ നടക്കില്ലെന്നും അതുകൊണ്ട് അവർ അന്വേഷണ ഏജൻസിയെ കൂട്ടുപിടിക്കുകയാണെന്നും ഭൂപേഷ് ബാഗേൽ ആരോപിച്ചു.