സൗദിയുടെ ഗസ ജനകീയ ഫണ്ടിലേക്ക് നാല് ദിവസത്തിനിടെ ഒഴുകിയെത്തിയത് 662 കോടി രൂപ

 


റിയാദ്: ഗസയിലെ ദുരിതമനുഭവിക്കുന്ന പലസ്തീനികളെ സഹായിക്കുന്നതിന് സൗദി അറേബ്യ ആരംഭിച്ച ജനകീയ ഫണ്ടിലേക്ക് നാല് ദിവസത്തിനിടെ 29.9 കോടി റിയാല്‍ (662.72 662 കോടി രൂപ) ലഭിച്ചു. നവംബര്‍ 5 ഞായറാഴ്ച വരെയുള്ള കണക്കാണ് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) പുറത്തുവിട്ടത്.ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധം ഒരു മാസം പിന്നിട്ടതോടെയാണ് സൗദി ജനകീയ സംഭാവന കാമ്പയിന്‍ ഊര്‍ജിതമാക്കിയത്. കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് (കെഎസ് റിലീഫ്) സെന്ററിന്റെ നേതൃത്വത്തില്‍ നവംബര്‍ 2 വ്യാഴാഴ്ചയാണ് കാംപയിന്‍ ആരംഭിച്ചത്. വെള്ളിയാഴ്ച രാജ്യത്തെ മസ്ജിദുകളില്‍ നടന്ന ജുമുഅ പ്രഭാഷണത്തില്‍ ജനകീയ കാംപയിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. പലസ്തീനികളെ സഹായിക്കാന്‍ സൗദി പരമോന്നത പണ്ഡിതസഭയും അഭ്യര്‍ത്ഥിക്കുകയുണ്ടായി.ഞായറാഴ്ച വരെ 510,714ലധികം പേര്‍ സംഭാവന നല്‍കി. സൗദി ഭരണാധികാരി തിരുഗോഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് മൂന്ന് കോടി റിയാല്‍ സംഭാവന നല്‍കിയാണ് കാംപയിന് തുടക്കമിട്ടത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രണ്ട് കോടി സൗദി റിയാലും നല്‍കി.


കെഎസ് റിലീഫ് സെന്ററിന്റെ സാഹം എന്ന പേരിലുള്ള പ്ലാറ്റ്‌ഫോം വഴിയാണ് ധനസമാഹരണം. സാഹം മൊബൈല്‍ ആപ് വഴിയും പണമയക്കാം. ഇതിലേക്ക് പണം നല്‍കുന്നതിന് യാതൊരു ഫീസും നല്‍കേണ്ടതില്ല. വിവിധ പ്രതിസന്ധികളിലൂടെ പലസ്തീന്‍ ജനത കടന്നുപോയ കാലത്തെല്ലാം ഉറച്ചപിന്തുണ നല്‍കിയിരുന്ന സൗദിയുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായാണ് ഫണ്ട് സമാഹരണമെന്ന് റോയല്‍ കോര്‍ട്ട് ഉപദേശകനും കെഎസ് റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറുമായി ഡോ. അബ്ദുല്ല അല്‍റബീഅ വ്യക്തമാക്കി.
أحدث أقدم