തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ ജീവനൊടുക്കിയത് 69 പോലീസുകാർ. സേനയിൽ ആത്മഹത്യകൾ കൂടിയതിനെ തുടർന്ന് പോലീസ് തന്നെ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 12 പേർ ജീവനൊടുക്കാൻ ശ്രമിച്ചതായും പരാമർശമുണ്ട്.
2019 ജനുവരി മുതൽ 2023 സെപ്തംബർ വരെയുള്ള അഞ്ച് വർഷക്കാലം കൊണ്ടാണ് ഇത്രയും ആത്മഹത്യകൾ നടന്നത്. 32 സിവിൽ പോലീസ് ഓഫീസർമാർ, 16 സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, എട്ട് ഗ്രേഡ് എസ്.ഐമാർ, ഒരു ഇൻസ്പെക്ടർ ജീവനൊടുക്കിയത്.
അമിത ജോലി ഭാരം, മേലുദ്യോഗസ്ഥരുടെ ഭീഷണി, കുടുംബ പ്രശ്നങ്ങളിൽ ഭൂരിഭാഗം മരണങ്ങൾക്കും കാരണം. 2023-ൽ സെപ്തംബർ വരെ അഞ്ചു പേർ ആത്മഹത്യക്ക് ശ്രമിച്ചു. 2020ലും 21ലും രണ്ടു പേർ വീതവും 2022ൽ മൂന്നും പോലീസുകാരും ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിൽ ആറു പേർ സീനിയർ സി.പി.ഒമാരും ബാക്കി സിവിൽ പോലീസ് ഓഫീസർമാരുമാണ്.