പാരീസിൽനിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ കൃഷ്ണശങ്കറിന്റെ കരം പിടിച്ച് ജീവിതപങ്കാളിയായി കാത്തി



തിരുവനന്തപുരം: പ്രണയ നഗരമെന്ന് പേരുകേട്ട ഫ്രാൻസിലെ പാരീസിൽനിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ പത്മനാഭന്റെ മണ്ണിൽ കാത്തി ജോർഡിയർ മലയിൻകീഴ് അണപ്പാട് നിളയിൽ കൃഷ്ണശങ്കറിന്റെ കരം പിടിച്ച് ജീവിതപങ്കാളിയായി. പാരീസിലെ ജിഫ്‌സർവിറ്റ് സ്വദേശികളായ ഡൊമനിക് ജോർഡിയർ, ക്രിസ്റ്റിൻ ജോർഡിയർ ദമ്പതികളുടെ മകളാണ് കാത്തി ജോർഡിയർ.ജയിൽ വകുപ്പ് ജീവനക്കാരനായ കൃഷ്ണശങ്കർ വിയ്യൂർ സെൻട്രൽ ജയിലിൽ ജോലി ചെയ്യവെയാണ് ഇൻസ്റ്റഗ്രാം വഴി കാത്തിയെ പരിചയപ്പെടുന്നത്. ഒരുവർഷത്തോളം നീണ്ട നല്ല സൗഹൃദത്തിനിടയിൽ ഒരിക്കലും പ്രണയം കടന്നുവന്നില്ല. ഇതിനിടയ്ക്ക് കൃഷ്ണശങ്കറിന്റെ മാതാപിതാക്കളായ ജയശങ്കറും മധുലതയും മകനുവേണ്ടി നാട്ടിൽ വിവാഹാലോചനകൾ തുടങ്ങി, ഒരു പെണ്ണുകാണൽ ചടങ്ങും കഴിഞ്ഞു. വിവരം കാത്തിയുമായി പങ്കുവെച്ചപ്പോഴാണ് ഇരുവരുടെയും മനസ് ശരിക്കും തുറക്കപ്പെട്ടത്.


ജയശങ്കർ വിഷയം വീട്ടിൽ അവതരിപ്പിച്ചെങ്കിലും കുടുംബം ആദ്യം കാര്യമാക്കിയില്ല. ഇതിനിടയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പാരീസിലെ കുടുംബത്തിന്റെ സമ്മതത്തോടെ കാത്തി കൃഷ്ണശങ്കറിന്റെ വീട്ടിലേക്കെത്തി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുടുംബവും കാത്തിയെ മരുമകളായി അംഗീകരിച്ചു. മടങ്ങിപ്പോയ കാത്തിയുമായുള്ള കല്യാണം കാത്ത് കൃഷ്ണശങ്കറും കാത്തിരിപ്പായി.പിന്നെ എല്ലാം വളരെ പെട്ടെന്ന് തീരുമാനിച്ചു. വിവാഹനിശ്ചയവും ദിവസം കുറിക്കലും ഇരു കുടുംബങ്ങളും ചേർന്ന് തീരുമാനിച്ചു. ക്ഷണക്കത്തടിച്ചു നാട്ടുകാരെയും കൂട്ടുകാരെയും ക്ഷണിച്ചു. ഈ കടൽ കടന്ന പ്രണയത്തിന്റെ സാക്ഷാത്കാരമാണ് ഇന്ന് ഗോവിന്ദമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ രാവിലെ എട്ടിനും എട്ടരയ്ക്കും ഇടക്കുള്ള ശുഭമുഹൂർത്തത്തിൽ നടന്നത്.ഹിന്ദു ആചാരപ്രകാരം നടന്ന മിന്നുകെട്ടിനെ തുടർന്ന് നരുവാമൂടിലെ കൺവെൺഷൻ സെന്ററിൽ വിരുന്നുസൽക്കാരവും ഒരുക്കിയിട്ടുണ്ട്. പാരീസിൽ പോലീസുകാരായ മാതാപിതാക്കളുടെ മൂത്ത മകളാണ് കാത്തി. രണ്ട് സഹോദരങ്ങളുണ്ട്. എൽഎൽബി പഠനം പൂർത്തിയാക്കിയ ഹരിശങ്കറാണ് കൃഷ്ണശങ്കറിന്റെ സഹോദരൻ.
أحدث أقدم