ചെന്നൈ : ബസ്സ് ഡോറിൽ തൂങ്ങി നിന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ നടിയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. വിദ്യാർത്ഥികളെ മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് അറസ്റ്റ്.
ചെന്നൈയിലെ കെറുമ്പാക്കത്ത് കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. കുൺട്രത്തൂർ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന സ്റ്റേറ്റ് ബസ്സിൽ അപകടകരമായ രീതിയിൽ തൂങ്ങി നിന്നുകൊണ്ട് വിദ്യാർത്ഥികൾ യാത്ര ചെയ്യുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട രഞ്ജന കാറിൽ ബസ്സിനെ പിന്തുടർന്നു.
ബസ് നിർത്തിച്ച് തൂങ്ങി നിന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളെ പിടിച്ചിറക്കി. കൂട്ടത്തിൽ ഒരു വിദ്യാർത്ഥിയെ തുടർച്ചയായി മർദിക്കുന്നതും വിഡിയോയിലുണ്ട്. വിദ്യാർത്ഥികൾ ഈ രീതിയിൽ യാത്രചെയ്യുന്നത് നിങ്ങൾക്ക് തടയാമായിരുന്നില്ലേ എന്ന് രഞ്ജന ഡ്രൈവറോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം.
മാങ്കാട്ട് പൊലീസാണ് രഞ്ജനയെ അവരുടെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനുമാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.