ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർത്ഥന നടന്നുവെന്ന് പരാതി...ളോഹ ധരിച്ച് ബൈബിളുമായെത്തിയാണ് ചൈൽഡ് ലൈൻ പ്രവർത്തകൻ പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത്.മുഖ്യമന്ത്രിക്കടക്കം പരാതി





തൃശ്ശൂർ: വനിതാ ശിശുവികസന വകുപ്പിനു കീഴിൽ സിവിൽ സ്റ്റേഷനിലുള്ള തൃശ്ശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ 'നെഗറ്റീവ് എനർജി' പുറന്തള്ളാൻ പ്രാർഥന. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് ആഴ്ചകൾക്കുമുൻപ് പ്രാർഥന നടത്തിയത്. ഓഫീസ് സമയം വൈകീട്ട് 4.30-ഓടെയാണ് ഓഫീസിലെ ജീവനക്കാരോട് പ്രാർഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ജില്ലാ ശിശുസംരക്ഷണ ഓഫീസർ ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലുള്ള ചൈൽഡ്ലൈൻ പ്രവർത്തകർക്കും ഇതിൽ പങ്കെടുക്കേണ്ടിവന്നു. ഇവരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത്.

പെട്ടെന്നു വന്ന അറിയിപ്പായതിനാൽ ഓഫീസർ പറയുന്നത് അനുസരിക്കാനേ ജീവനക്കാർക്കു കഴിഞ്ഞുള്ളൂ. ഓഫീസർ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാർവ്യവസ്ഥയിൽ ജോലിചെയ്യുന്നതിനാൽ നിർദേശം ധിക്കരിക്കാനും പലർക്കും ധൈര്യം വന്നില്ല. ഇഷ്ടക്കേടോടെയാണ് പലരും പ്രാർഥനയിൽ പങ്കെടുത്തത്.

ഓഫീസിൽ നെഗറ്റീവ് എനർജി നിറഞ്ഞുനിൽക്കുന്നുവെന്ന പരാതി ചുമതലയേറ്റതിനുശേഷം ഓഫീസർ പതിവായി പറയാറുണ്ട്. ഓഫീസിൽ പല പ്രശ്നങ്ങളുമുണ്ടാകുന്നത് നെഗറ്റീവ് എനർജി കൊണ്ടാണെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഓഫീസറുമായുള്ള അഭിപ്രായഭിന്നതകളും മാനസികസമ്മർദവും കാരണം അടുത്തിടെ നാല് താത്കാലികജീവനക്കാരാണ് ജോലി അവസാനിപ്പിച്ചത്. പ്രാർഥന സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പരാതി പോയിട്ടുണ്ടെങ്കിലും ഇതുവരെ വകുപ്പുതല അന്വേഷണം ഉണ്ടായിട്ടില്ല
أحدث أقدم