നവകേരള സദസ് മഹാ ജനമുന്നേറ്റ സദസായി മാറിയെന്ന് മുഖ്യമന്ത്രി


നവകേരള സദസ് യാത്ര ഒരു മഹാ ജനമുന്നേറ്റ സദസായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൈവളിഗെയിൽ ശനിയാഴ്ച റെക്കോർഡ് ജനാവലിയാണ് ഉദ്ഘാടന പരിപാടിക്ക് എത്തിയത്. ഇന്നലെ ആദ്യ ദിന പര്യടനത്തിൽ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞു കവിഞ്ഞ് ജനക്കൂട്ടം ഒഴുകിയെത്തി. ഇന്ന് മുതൽ ഓരോ കേന്ദ്രത്തിലും നവകേരള സദസിന്റെ വേദികളോട് അനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന 20 കൗണ്ടറുകൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പയ്യന്നൂരിൽ പറഞ്ഞു കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നിന്നുമായി 14,232 നിവേദനങ്ങൾ ലഭിച്ചു. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് തന്നെ നിവേദനങ്ങൾ സ്വീകരിച്ച് തുടങ്ങും. ഇത് മുഴുവൻ സ്വീകരിക്കുന്നതുവരെ കൗണ്ടറുകൾ പ്രവർത്തിക്കും. നിവേദനം സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. 

മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


أحدث أقدم