കൽപ്പറ്റ: നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ മർദിച്ച സംഭവത്തിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബസ്സിനു മുന്നിൽ ചാടിയവരെ രക്ഷപ്പെടുത്തുക തന്നെയായിരുന്നു, അവരെ വീണ്ടും ശ്ലാഘിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരെ തള്ളി മാറ്റിയത് താൻ കണ്ടതാണ്. അതിനെയാണ് രക്ഷാപ്രവർത്തനം എന്ന് പറഞ്ഞത്. അതിനുശേഷം ഉള്ളത് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.നവകേരള സദസിന് പറവൂർ നഗരസഭ തുക അനുവദിക്കാൻ എടുത്ത തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രി പരാമർശം നടത്തി. പ്രതിപക്ഷനേതാവിനെ സ്വാഭാവികമായും വിഷമം കാണും. അദ്ദേഹത്തിൻറെ പാർട്ടിക്കാർ തന്നെയാണ് ഈ നിലപാടെടുത്തത്. ഒരു മനോഭാവത്തിന്റെ പ്രശ്നമാണ്. നവ കേരള സദസ്സിന് ജനങ്ങൾ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂത്ത് കോൺഗ്രസ് നടത്തിയത് രാജ്യത്തിന് ചേരാത്ത പ്രവർത്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് യൂത്ത് കോൺഗ്രസിന് പ്രയാസമുണ്ടാക്കും എന്ന് കണ്ട് ജനശ്രദ്ധയിൽ പെടാതിരിക്കാൻ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കാൻ പറ്റുമോ എന്നാണ് നോക്കുന്നത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം നിലപാട് ഇപ്പോൾ സ്വീകരിക്കുന്നില്ല. തന്നെ തന്തയില്ലായ്മ എന്നു പറഞ്ഞു. നല്ല തന്തയ്ക്ക് പിറന്നതുകൊണ്ട് തനിക്ക് അതിൽ വിഷമം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ചരിത്രം സൃഷ്ടിച്ച ജനപങ്കാളിത്തവും സമാനതകളില്ലാത്ത ബഹുജന മുന്നേറ്റവുമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ ബഹുജന സംവാദ പരിപാടി എന്ന റെക്കോർഡിലേക്കാണ് നവകേരള സദസ്സ് ഉയരാൻ പോകുന്നത്. 16 മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയായി. നാലു മണ്ഡലങ്ങളിലെ എംഎൽഎമാർ പങ്കെടുത്തില്ല. ഈ മണ്ഡലങ്ങളിലും സംഘാടകസമിതി പ്രതീക്ഷിച്ചതിന്റെ പലമടങ്ങ് ജനങ്ങൾ എത്തി. എംഎൽഎമാരുടെ പങ്കാളിത്തം ഇല്ലാത്തത് അവരുടെ പാർലമെൻററി അവകാശത്തിനു മേലുള്ള കൈകടത്ത്. ജനപ്രതിനിധി എന്ന അവകാശത്തെ ഹനിക്കുന്ന നടപടി. അത് യുഡിഎഫിന്റെ നിലപാട് കാരണമാണ്. ജനങ്ങളിൽ ബഹിഷ്കരണ ആഹ്വാനം ഏശിയിട്ടില്ല. നവ കേരള സദസ്സിനെതിരെ അപവാദ പ്രചാരണം നടത്തുന്നവർ അപഹാസ്യരാകുന്നു. മഹാ ജനപ്രവാഹമായി സദസ്സുകൾ മാറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന് നിരാശയും മനോവിഭ്രാന്തിയുമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. അവരുടെ പ്രതികരണങ്ങൾ ആ നിലയ്ക്കാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ പ്രത്യേകത മറന്നുകൊണ്ട് പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന ഇത് വ്യക്തമാക്കുന്നു. അദ്ദേഹത്തിൻറെ രീതി തന്നെ മാറി ഉപയോഗിക്കുന്ന ഭാഷ മാറി. എന്തൊക്കെയാണ് വിളിച്ചുപറയുന്നത്. ഇതിൽ എവിടെയാണ് കള്ള പിരിവ്. പ്രതിപക്ഷത്തെ ആരെയെങ്കിലും ഞങ്ങൾ വിലക്കിയോ അസാധാരണ ജനക്കൂട്ടം കാണുമ്പോഴുണ്ടാകുന്ന വിഷമമാണ് അവർക്ക്. അത് നല്ല രീതിയിൽ ഉണ്ടാകും. ജനപങ്കാളിത്തം കാണുമ്പോൾ അപഹസിക്കലും ആക്രോശിക്കലും ഗുണകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ലഭിക്കുന്ന പരാതികൾ തീർപ്പാക്കുന്നില്ല എന്ന പരാതി. അത് ഗൗരവമുള്ള പരാതിയാണ്. പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ഈ വിവരങ്ങൾ ലഭിക്കുന്നത്. അദ്ദേഹത്തെ ആരെങ്കിലും ദുർബോധനം നടത്തുകയാണ് എന്ന് പറയാൻ കഴിയില്ല. എല്ലാത്തിലും അവഗാഹം ഉള്ള ആളാണെന്ന് സ്വയം കരുതുന്ന ആളാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് നുണ. പരാതി പരിഹാരം കാര്യക്ഷമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് പരാതികൾ തീർപ്പാക്കുന്നില്ല എന്നു പറയുന്നത്. കഴിഞ്ഞ അഞ്ചുദിവസത്തിൽ 42,868 പരാതികൾ ലഭിച്ചു. ഇത് പരിശോധിച്ച് പ്രശ്നപരിഹാരത്തിനുള്ള സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.