പാമ്പാടി പോലീസ് സ്റ്റേഷനിൽ വിളിച്ച് അസഭ്യം പറയുകയും, പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ.



 പാമ്പാടി : പോലീസ് സ്റ്റേഷനിൽ വിളിച്ച് അസഭ്യം പറയുകയും പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ചക്കാംമ്പുഴ ഭാഗത്ത് കിഴക്കേമുറിയിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ഗോപകുമാർ. വി (33) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.


 ഇയാൾ പാമ്പാടി പോലീസ് സ്റ്റേഷനിൽ നിരന്തരമായി വിളിച്ച് ചീത്ത വിളിക്കുകയായിരുന്നു. 2022 ൽ ഇയാൾ പാമ്പാടി ബസ്റ്റാൻഡ് ഭാഗത്ത് വെച്ച് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ഹാജരാകാതിരുന്ന ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ഫോണിലേക്ക് വിളിച്ച് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ ഇയാൾ ചീത്ത വിളിക്കുകയും, പിടികൂടാൻ എത്തിയാൽ ടാപ്പിംഗ് കത്തികൊണ്ട് കുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മംഗലാപുരത്തുനിന്നും ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവര്‍ണ്ണ കുമാര്‍, എസ്.ഐ സുധൻ , സി.പി.ഓ മാരായ മഹേഷ്, സുമേഷ്  മാക്മില്ലൻ, ശ്രീജിത്ത് രാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

أحدث أقدم