പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദാരിദ്ര്യം മറയ്ക്കാനായി ഉണക്കാനിട്ട പട്ടുകോണകമാണ് കേരളീയം എന്ന് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്.
അതുകൊണ്ട് സര്‍ക്കാരിന് ഗ്യാരണ്ടി പോലും നല്‍കാന്‍ കഴിയുന്നില്ല. അത് സര്‍ക്കാരിന് ബാധ്യതയാണ്. ഹൈക്കോടതി പോലും രൂക്ഷമായി വിമര്‍ശിച്ചു. ദാരിദ്ര്യമാണ്, അഞ്ചു പൈസയില്ല. പക്ഷെ ദാരിദ്ര്യം മറയ്ക്കാന്‍ വേണ്ടി പുരപ്പുരത്ത് പട്ടുകോണകം ഉണക്കാനിട്ടതുപോലെയാണ് കേരളീയം നടത്തുന്നത്. വിഡി സതീശന്‍ പറഞ്ഞു.
എന്താണ് കേരളീയത്തിന്റെ ഉദ്ദേശം. കേരളത്തിന് പുറത്തുള്ള പ്രധാനപ്പെട്ട ആളുകള്‍ തിരുവനന്തപുരത്ത് വന്ന് പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുപാേയി പുകഴ്ത്തി പറയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ പരിപാടിക്ക് 75 കോടിയോളം വരും. കുഞ്ഞുങ്ങള്‍ക്ക് ഉച്ചയൂണിന് പണം കൊടുക്കാനില്ലാത്ത സര്‍ക്കാരാണ് ഈ ആര്‍ഭാടം കാണിക്കുന്നത്.
കേരളീയം പരിപാടി ധൂര്‍ത്താണ്. പ്രതിപക്ഷം ഓരോ വകുപ്പിലും പറയുന്ന കാര്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വസ്തുതാപരമായ തെറ്റുണ്ടെങ്കില്‍, സംസ്ഥാനത്തെ യഥാര്‍ത്ഥമായ ധനപ്രതിസന്ധി വിവരിക്കുന്ന ഒരു ധവളപത്രം ഇറക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളം ഇതുവരെ കാണാത്ത ഏറ്റവും ഭയാനകമായ ധനപ്രതിസന്ധിയിലാണ് കേരളം കടന്നുപോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.