പരിശീലനത്തിനിടെ ഹൃദയാഘാതം; മലയാളി സൈനികൻ അന്തരിച്ചു


ശ്രീനഗർ  : സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജവാൻ മരിച്ചു. ശ്രീനഗറിൽ നടന്ന സൈനിക പരിശീലനത്തിനിടെയായിരുന്നു സംഭവം. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പെരുങ്കടവിള ഇന്ദ്രജിത്ത് ഭവനിൽ ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്. ബാരാമുള്ളയിലെ ഫൈവ് എൻജിനിയറിങ് റെജിമെന്റിലെ നായിക്കായിരുന്നു ഇന്ദ്രജിത്ത്. ശ്രീനഗറിലെ സൈനിക യൂണിറ്റിൽ പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്നാണ് സൈനിക വൃത്തങ്ങൾ ബന്ധുക്കളെ അറിയിച്ചത്. ഇന്ദ്രജിത്തിന് ബാരമുള്ളയിലെ പട്ടൽ സൈനിക യൂണിറ്റിൽവെച്ച് സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി മാപ്പ് റീഡിങ് പരീക്ഷ ഉണ്ടായിരുന്നു. ഇതിനായി പരീക്ഷാ ഹാളിലിരിക്കുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ശ്രീനഗറിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ മൃതദേഹം എത്തിച്ച് ഔദ്യോഗിക ബഹുമതികൾക്ക് ശേഷം സൈന്യത്തിന്റെ അകമ്പടിയോടെ പെരുങ്കടവിളയിലെ ഇന്ദ്രജിത്തിൻ്റെ വസതിയിൽ കൊണ്ടുവരും. തുടർന്ന് അന്ത്യകർമ്മങ്ങൾക്ക് ശേഷം സൈനികരുടെ ഗാർഡ് ഓഫ് ഓണറോടുകൂടി മൃതദേഹം സംസ്കരിക്കുമെന്നും അറിയിച്ചു. പിതാവ് ശിവകുമാർ, മാതാവ് ശ്രീജയ , ഭാര്യ അജന്ത. മകൻ: ഹർഷിദ്, സഹോദരി: ഇന്ദ്രജ
أحدث أقدم