ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും റേഷന്‍ കാര്‍ഡ്; സംസ്ഥാനത്തിന് മാതൃകയായി കാസര്‍കോട്

 


കാസര്‍കോട്: ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതില്‍ സംസ്ഥാനത്തിന് മാതൃകയായി കാസര്‍കോട്. ജില്ലയില്‍ 56 അതിഥി തൊഴിലാളികള്‍ക്കാണ് ഇതുവരെ റേഷന്‍ കാര്‍ഡ് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റേഷന്‍ കാര്‍ഡ് നല്‍കിയത് പെരുമ്പാവൂരിലാണെങ്കിലും കാസര്‍കോട് ജില്ലയുടെ പ്രവര്‍ത്തനവും അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് ഭക്ഷ്യകമ്മീഷന്‍ അംഗം എം വിജയലക്ഷ്മി അറിയിച്ചു. ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് റേഷന്‍ കാര്‍ഡിന് അവകാശമുള്ളത്. ഇതിനായി പ്രത്യേക പോര്‍ട്ടറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇതുപ്രകാരം സപ്ലൈ ഓഫിസില്‍നിന്ന് കാര്‍ഡ് നല്‍കും.അഞ്ച് കിലോ അരിയാണ് കാര്‍ഡ് ഉടമയ്ക്ക് ലഭിക്കുക. ഈ കാര്‍ഡ് ഉപയോഗിച്ച് കേരളത്തിലെ ഏത് റേഷന്‍ ഷോപ്പില്‍നിന്ന് അരി വാങ്ങാം. കേരളത്തിന് പുറത്തുനിന്ന് വാങ്ങാന്‍ കഴിയില്ല. നിലവില്‍ മറ്റ് ഭക്ഷ്യസാധനങ്ങളോ മണ്ണെണ്ണയോ ഇവര്‍ക്ക് അനുവദിക്കാറില്ല. തൊഴിലാളിയുടെ പേരിലുള്ള റേഷന്‍ കാര്‍ഡില്‍ മറ്റ് കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താറുമില്ല. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും അതിഥി തൊഴിലാളികള്‍ക്ക് കാര്‍ഡ് വിതരണം നടന്നുവരുന്നുണ്ട്. കാസര്‍കോട് നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള കാര്‍ഡ് വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കളക്ട്രേറ്റില്‍ നടന്ന ജില്ലാതല വിജിലന്‍സ് സമിതി യോഗത്തിലാണ് കമ്മീഷന്‍ അംഗം ജില്ലയെ പ്രശംസിച്ചത്. അതേസമയം, മൂന്ന് മാസത്തിനിടെ ജില്ലയില്‍ 1177 പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.

ജില്ലയിലെ മുഴുവന്‍ അതിദരിദ്രര്‍ക്കും എവൈ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനവും നടന്നുവരികയാണ്. രാത്രികാലങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് പെട്രോളിയം കമ്പനികളുടെ സെയില്‍സ് ഓഫീസര്‍മാരുമായി ചര്‍ച്ച ചെയ്തതായും കമ്മീഷന്‍ അംഗം വ്യക്തമാക്കി. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. ജില്ലയില്‍ അവരുടെ എല്ലാ പെട്രോള്‍ പമ്പുകളും ഇനി മുതല്‍ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കുമെന്ന് സമ്മതിച്ചതായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അറിയിച്ചു.
أحدث أقدم