കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത്. ലീഗ് നേതാക്കൾ കൂടി പങ്കെടുക്കുന്ന പരിപാടി യുഡിഎഫ് ഐക്യ സന്ദേശം കൂടി പകരുന്നതാകും. വൈകിട്ട് 3.30 ന് ആരംഭിക്കുന്ന റാലി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വി.ഡി സതീശന്‍, കെ സുധാകരന്‍, ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെകുഞ്ഞാലിക്കുട്ടി തുടങ്ങിയവർ റാലിയിൽ സംസാരിക്കും.മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ശശി തരൂരിന്റെ ഹമാസ് വിരുദ്ധ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ന് പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്ന ശശി തരൂരിന്റെ വാക്കുകൾ ശ്രദ്ധയാകർശിക്കും.
കടപ്പുറത്ത് നടക്കുന്ന റാലിയിൽ അരലക്ഷത്തിലേറെ പേർ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. സിപിഐഎം ഉൾപ്പെടെ പലസ്തീൻ നിലപാടിൽ നിരന്തര വിമർശനം കോൺഗ്രസിനെതിരെ ഉന്നയിക്കുമ്പോൾ രാഷ്ട്രീയ മറുപടിക്കുള്ള വേദികൂടിയാകും കടപ്പുറത്തെ കോൺഗ്രസ് റാലി. അതിനാൽത്തന്നെ കൂടുതൽ വിവാദങ്ങളുണ്ടാകാതെ റാലി നടത്താനാണ് നേതാക്കളുടെ നിർദേശം.