തൃശ്ശൂർ പെരുമ്പിലാവിൽ വിദ്യാർത്ഥികളെ കയറ്റാതെ പോയ ബസ് തടഞ്ഞ് രമ്യാ ഹരിദാസ് എംപി. ബസിന് പുറകെ ഓടിയിട്ടും വിദ്യാർത്ഥികളെ കയറ്റാതെ ബസ് മുന്നോട്ടുപോകുന്നത് കണ്ട് ഔദ്യോഗിക വാഹനത്തിൽ നിന്നുമിറങ്ങി വിദ്യാർത്ഥികളോട് കാര്യം തിരക്കുകയായിരുന്നു എംപി.
എംപിയെ കണ്ടതോടെ, കോളേജുകൾ വിട്ടാൽ ഇതുവഴി പോകുന്ന ഒറ്റ സ്വകാര്യ ബസുകളും സ്റ്റോപ്പിൽ നിർത്തി ഞങ്ങളെ കയറ്റുന്നില്ലെന്ന് വിദ്യാർത്ഥികൾ പരാതി പറഞ്ഞു. പിന്നാലെ വിദ്യാർത്ഥികൾക്കൊപ്പം നിന്ന രമ്യാ ഹരിദാസ് ബസ് തടഞ്ഞ് നിർത്തി വിദ്യാർത്ഥികളെ കയറ്റുകയും ചെയ്തു.
എന്നാൽ ഇതു വഴിവന്ന ഒരു ബസിലെ ജീവനക്കാരൻ ഇത് ദീർഘ ദൂര ബസാണെന്നും ഈ ബസിൽ കുട്ടികളെ കയറ്റാൻ പറ്റില്ലെന്നും പറഞ്ഞതോടെ രംഗം കൂടുതൽ വഷളായി. തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്നത്തിൽ ഇടപെട്ടതോടെ ബസ് ജീവനക്കാർ വിദ്യാർത്ഥികളെ ബസിൽ കയറ്റി. എംപിയോട് ബസിലെ ജീവനക്കാരൻ കയർത്തു സംസാരിച്ചത് ചെറിയ സംഘർഷത്തിനിടയാക്കുകയും ചെയ്തു. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തി വിദ്യാർത്ഥികളെ ബസിൽ കയറ്റി വിട്ടു. ഒടുവിൽ ബസ് ജീവനക്കാരൻ എംപിയോട് മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിച്ചു.