മലപ്പുറം : അസ്വാരസ്യങ്ങൾക്കിടെ സിപിഐഎമ്മിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. അച്ചടക്ക സമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായി എന്ന് കരുതുന്നു. മലപ്പുറം കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പൂർണ പരിഹാരമായില്ലെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
പലസ്തീൻ ഐക്യാർഢ്യം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പലസ്തീൻ വിഷയത്തിലെ നിലപാടിൽ മാറ്റമില്ല. പരമാവധി ഐക്യദാർഢ്യ പരിപാടികൾ നടത്തണം. കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിക്കേണ്ടത് നേതൃത്വമാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
കോൺഗ്രസ് വിടില്ലെന്ന് ആര്യാടൻ ഷൗക്കത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. കെപിസിസിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് അങ്ങനെ പോകാൻ സാധിക്കില്ല. തനിക്ക് പറയാനുളള കാര്യങ്ങൾ തീർത്തു പറഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിൽ അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരായതിന് ശേഷം ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം. നേതൃത്വം മലപ്പുറത്തെ പ്രധാന കോൺഗ്രസ് നേതാക്കന്മാരെ കൂടി കേൾക്കണമെന്നും ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടിരുന്നു. അനുവാദമില്ലാതെ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയതിനെ തുടർന്ന് ആര്യാടൻ ഷൗക്കത്തിന് പാർട്ടി വിലക്ക് ഏർപ്പെടുത്തിയിരുന്നു.