നൂഹിൽ സംഘർഷാവസ്ഥ: മുസ്ലിം പള്ളിക്ക് സമീപം സ്ത്രീകൾക്ക് നേരെ കല്ലേറ്, എട്ട് പേർക്ക് പരിക്ക്

 


ഹരിയാനയിലെ നുഹിൽ വീണ്ടും സംഘർഷാവസ്ഥ. പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ കല്ലേറുണ്ടായി. ഒരു പള്ളിക്ക് സമീപമായിരുന്നു കല്ലേറ്. സംഭവത്തിൽ എട്ട് സ്ത്രീകൾക്ക് പരിക്കേറ്റു.വ്യാഴാഴ്ച രാത്രി രാത്രി 8.20 ഓടെയാണ് സംഭവം. ഒരു കൂട്ടം സ്ത്രീകൾ പൂജയ്ക്ക് പോകുമ്പോൾ മദ്രസയിലെ ചില കുട്ടികൾ കല്ലെറിയുകയായിരുന്നുവെന്നാണ് വിവരം. കല്ലേറിൽ എട്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

നൂഹ് പൊലീസ് സൂപ്രണ്ട് നരേന്ദർ ബിജാർണിയയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്ന് കുട്ടികളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും നുഹ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ക്രമസമാധാന പാലനത്തിനായി നൂഹ് ടൗണിലെ പള്ളിക്കും പ്രധാന മാർക്കറ്റിനു ചുറ്റും പൊലീസിനെ വിന്യസിച്ചു. ജൂലൈ 31ന് വിഎച്ച്‌പി നടത്തിയ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര തടയാൻ ജനക്കൂട്ടം ശ്രമിച്ചതിനെ തുടർന്നാണ് നുഹിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം കല്ലെറിയുകയും കാറുകൾക്ക് തീയിടുകയും ചെയ്തു.

പിന്നീട് അയൽ ജില്ലയായ ഗുരുഗ്രാമിലേക്ക് അക്രമം വ്യാപിച്ചു. ഗുരുഗ്രാമിലുണ്ടായ ആക്രമണത്തിൽ ഒരു മുസ്ലീം പുരോഹിതനും രണ്ട് ഹോം ഗാർഡുകളും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. അക്രമികൾ റെസ്റ്റോറന്റുകൾ കത്തിക്കുകയും കടകൾ നശിപ്പിക്കുകയും ചെയ്തു.

أحدث أقدم