തിരുവനന്തപുരം: കേരളീയം വേദികളിലേക്ക് അഞ്ചു മിനിറ്റ് ഇടവേളകളിൽ സൗജന്യ ബസ് സർവീസുമായി കെഎസ്ആർടിസി. പുത്തരിക്കണ്ടംമൈതാനം മുതൽ കവടിയാർ വരെയുള്ള വിവിധ വേദികളിൽ പൊതുജനങ്ങൾക്ക് എത്തിച്ചേരുന്നതിന് വേണ്ടിയാണ് സർവീസുകൾ. സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടനം കെ എസ്ആർടിസി ജോയിന്‍റ് മാനേജിങ് ഡയറക്ടർ പിഎസ് പ്രമോജ് ശങ്കർ ഐ ഒഎഫ്എസ് ഫ്ലാഗ് ഓഫ് ചെയ്തു.കെഎസ്ആർടിസി ഏർപ്പെടുത്തിയ സൗജന്യ യാത്ര നവംബർ ഏഴുവരെ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതൽ 10 മണി വരെ കിഴക്കേകോട്ടയിൽ നിന്നും കവടിയാറിലേക്കും, തിരിച്ചും ഉണ്ടായിരിക്കുന്നതാണ്.കിഴക്കേകോട്ട നോർത്ത് സ്റ്റാൻഡിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും അഞ്ചു മിനിറ്റ് ഇടവേളകളിലാണ് ബസ് സർവീസുകൾ ആരംഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സിറ്റി 0471-2575495/2461013 കെഎസ്ആർടിസി, കൺട്രോൾറൂം 9447071021, 0471-2463799 എന്നീ നമ്പറുകളിൽ ബന്ധപ്പെടാൻ കഴിയും.
കേരളീയം 2023 ആഘോഷത്തോടനുബന്ധിച്ച് തലസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ചവരെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളയമ്പലം മുതൽ ജി പി ഒ വരെ വൈകുന്നേരം ആറുമണി മുതൽ 10 മണി വരെയാണ് നിയന്ത്രണം. പട്ടം ഭാഗത്തുനിന്ന് തമ്പാനൂർ - കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പിഎംജിയിൽനിന്നും ജിവി രാജ - യുദ്ധ സ്മാരകം - പാളയം പഞ്ചാപുര - ബേക്കറി - തമ്പാനൂർ വഴി പോകണം.
പാറ്റൂർ ഭാഗത്തുനിന്നും തമ്പാനൂർ - കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആശാൻ സ്‌ക്വയർ - അണ്ടർ പാസേജ് - ബേക്കറി - തമ്പാനൂർ വഴിയോ വഞ്ചിയൂർ - ഉപ്പിടാംമൂട് - ശ്രീകണ്‌ഠേശ്വരം ഫ്‌ളൈഓവർ വഴിയോ പോകണം. ചാക്ക ഭാഗത്തുനിന്നും തമ്പാനൂർ - കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇഞ്ചക്കൽ - അട്ടക്കുളങ്ങര - കിള്ളിപ്പാലം, വഴിയോ ഇഞ്ചക്കൽ - ശ്രീകണ്‌ഠേശ്വരം - തകരപ്പറമ്പ് മേൽപ്പാലം വഴിയോയാണ് പോകേണ്ടത്.പേരൂർക്കട ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുന്നവ പൈപ്പിൻമൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകണം. തമ്പാനൂർ - കിഴക്കേകോട്ട ഭാഗത്തുനിന്ന് കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ടവ തമ്പാനൂർ - പനവിള - ഫ്ലൈഓവർ അണ്ടർ പാസേജ് - ആശാൻ സ്‌ക്വയർ - പിഎംജി വഴി പോകണം.
തമ്പാനൂർ - കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തൈക്കാടു - വഴുതക്കാട് എസ്എംസി - ഇടപ്പഴിഞ്ഞി - ശാസ്തമംഗലം വഴി പോകണം. കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര ഈഞ്ചക്കൽ വഴിയോ ശ്രീകണ്‌ഠേശ്വരം - ഉപ്പളാമൂട് - വഞ്ചിയൂർ - പാറ്റൂർ വഴിയോ പോകണം