'ആടുതോമ'യും കൂട്ടരും മലയാളികൾ തന്നെ; പെട്രോൾ പമ്പിലെ സിനിമാസ്റ്റൈൽ കവർച്ചയിൽ മൂന്നുപേർ പിടിയിൽ


 

കോഴിക്കോട്: മുക്കം ഓമശ്ശേരി മാങ്ങാപൊയിലിലെ പെട്രോൾ പമ്പിൽ സിനിമാസ്റ്റൈലിൽ കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിലായി. മലപ്പുറം നിലമ്പൂർ സ്വദേശി അനൂപ്, വെള്ളില സ്വദേശി സാബിത്ത് അലി, പ്രായപൂർത്തിയാകാത്ത മറ്റൊരു മലപ്പുറം സ്വദേശി എന്നിവരെയാണ് മുക്കം പോലീസ് പിടികൂടിയത്. സംഘത്തിൽപെട്ട ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കവർച്ച നടന്ന പമ്പിലെത്തിച്ച് പ്രാഥമിക തെളിവെടുപ്പ് നടത്തി.നവംബർ 17ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു എച്ച്പിസിഎൽ പമ്പിലെ കവർച്ച. കാറിലെത്തിയ നാലംഗസംഘം രണ്ടായിരം രൂപയ്ക്ക് പെട്രോൾ അടിച്ചു. തുടർന്ന് കാറിൽ നിന്നിറങ്ങിയ മൂന്നുപേരിൽ ഒരാൾ പമ്പിലെ ടോയ്‌ലറ്റിലേക്കു പോയി. കാർ പമ്പിനു മുൻവശത്തേക്ക് മാറ്റിയിടുകയും ചെയ്തു. ടോയ്‌ലറ്റിലേക്കു പോയ ആൾ ഗൂഗിൾപേ വഴി പണം നൽകുമെന്നാണ് ഒപ്പമുണ്ടായിരുന്നവർ ജീവനക്കാരനോട് പറഞ്ഞത്. തുടർന്ന് ഇയാൾ തിരിച്ചെത്തുകയും പൊടുന്നനെ പമ്പ് ജീവനക്കാരന്റെ കണ്ണിലേക്ക് മുളകുപൊടി എറിയുകയും ഉടുമുണ്ട് അഴിച്ച് തലയിലൂടെയിട്ട് ബലമായി പിടിച്ചുവെച്ച് കവർച്ച നടത്തുകയുമായിരുന്നു.3,200 രൂപയാണ് ജീവനക്കാരന്റെ കൈയിലുണ്ടായിരുന്നത്. ഇതാണ് സംഘം കൊണ്ടുപോയത്. പ്രതികളെത്തിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറായിരുന്നു ഇത്. അതിനാൽ ഇതരസംസ്ഥാനക്കാരാണ് പ്രതികളെന്നായിരുന്നു സംശയിച്ചിരുന്നത്. സമാനരീതിയിൽ തമിഴ്‌നാട്ടിൽ നടന്ന കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതിലെ പ്രതികളുമായുള്ള രൂപസാദൃശ്യവും സംശയത്തിനിടയാക്കി.എന്നാൽ പിന്നീട് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിലെത്തിയത്. മുക്കത്തിനു സമീപം പെരുമ്പടപ്പിലുള്ള മറ്റൊരു പെട്രോൾ പമ്പിലും സമാനരീതിയിൽ കവർച്ച നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് പ്രതികളിൽനിന്നു ലഭിച്ച വിവരം. ഇതുപ്രകാരം മൂവരെയും ഇവിടെയെത്തിച്ചും തെളിവെടുപ്പ് നടത്തി.

أحدث أقدم