തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങൾ മൂലം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്ന കാനം രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സിപിഐയിൽ ശക്തമാകുന്നു. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കുന്നതില്‍ ആശയക്കുഴപ്പത്തിലാണ് സംസ്ഥാന നേതാക്കൾ. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളാണ് ഇതിനു മുൻകൈയെടുക്കേണ്ടതെങ്കിലും ആരും തയ്യാറല്ല. ദേശീയ നേതൃത്വം സ്വമേധയാ ഇടപെടുമെന്നാണ് കാനം മാറണമെന്ന് ആവശ്യപ്പെടുന്ന വിഭാഗത്തിൻ്റെ പ്രതീക്ഷ.
അനാരോഗ്യമൂലം കഴിഞ്ഞ ഒരു വർഷമായി കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് സജീവമല്ല. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് അടുത്തിടെ വലത് കാൽപാദത്തിൽ ശസ്ത്രക്രിയയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാനത്തിന് പകരം മറ്റൊരാൾ വേണമെന്ന ആവശ്യമാണ് പാർട്ടിയിൽ ഉയരുന്നത്. തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്. ആരോഗ്യ പ്രശ്നങ്ങൾ മൂലം സെക്രട്ടറി സ്ഥാനത്തുനിന്ന് വെളിയം ഭാർഗവനേ മുൻപ് മാറ്റിയ ചരിത്രവും സിപിഐക്ക് ഉണ്ട്. അന്ന് വെളിയത്തെ മാറ്റാനുള്ള നീക്കത്തിന് നേതൃത്വം കൊടുത്തത് കാനമായിരുന്നു. അങ്ങനെയാണ് സി കെ ചന്ദ്രപ്പൻ സെക്രട്ടറി സ്ഥാനത്ത് എത്തിയത്. എന്നാല്‍ ഇപ്പോൾ ആവശ്യം ആര് ഉന്നയിക്കുമെന്നതാണ് ചോദ്യം.
ദേശീയ എക്സിക്യട്ടീവ് അംഗങ്ങൾ ആയ ബിനോയ് വിശ്വം, പി സന്തോഷ് കുമാർ, കെ പ്രകാശ് ബാബു എന്നിവർ വിഷയം നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കാൻ സാധ്യത ഇല്ല. പാർട്ടിയുടെ രാജ്യത്തെ പ്രധാന ഘടകത്തിൻ്റെ സെക്രട്ടറിയെ മാറ്റാൻ സ്വമേധയാ ഇടപെടാൻ ജനറൽ സെക്രട്ടറി ഡി രാജക്കും വിമുഖതയുണ്ട്. പ്രായ പരിധി മാനദണ്ഡത്തെ തുടർന്ന് നേതൃപദവികളിൽ നിന്ന് ഒഴിഞ്ഞ കെ ഇ ഇസ്മയിൽ അടക്കമുള്ളവർ സെക്രടറി മാറണമെന്ന നിലപാടിലാണ്. പകരം സെക്രട്ടറി ആരാകുമെന്ന ചോദ്യവും നേതൃത്വത്തെ കുഴക്കുന്നൂ. അസിസ്റ്റൻറ് സെക്രട്ടറിമായ ഇ ചന്ദ്രശേഖരൻ പി പി സുനീർ പ്രകാശ് ബാബു ബിനോയ് വിശ്വം എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
ഇ ചന്ദ്രശേഖരൻ സെക്രട്ടറി ആയാൽ കാനത്തിന് സെക്രട്ടറി സ്ഥാനത്തേക്ക് പിന്നീട് തിരിച്ചുവരവ് സാധ്യമല്ല. എന്നാല്‍ ജൂനിയറായ സുനീർ വന്നാൽ ആ പ്രയാസമില്ല. ചുമതല ഒഴിയേണ്ടി വന്നാൽ സുനീറിനെ ആ സ്ഥാനത്തേക്ക് കൊണ്ടു വരാനാണ് കാനം പക്ഷത്തിന് താത്പര്യം. സീനിയോറിറ്റി പരിഗണിച്ച് പ്രകാശ് ബാബുവിനെ പരിഗണിക്കണമെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെയുള്ള ആവശ്യവും ശക്തമാണ്. രാജ്യസഭാംഗമായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ബിനോയി വിശ്വത്തിനും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ താൽപര്യമുണ്ട്