ന്യൂയോര്‍ക്ക് സെനറ്റ് കെവിന്‍ തോമസുമായി കൂടിക്കാഴ്ച നടത്തി പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരുടെയും പ്രവര്‍ത്തന മണ്ഡലത്തെ കുറിച്ച് ചര്‍ച്ചയായി. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടിയും പുതുപ്പള്ളിയും തമ്മിലുള്ള, പ്രവര്‍ത്തന മികവും പുരോഗമന നയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ഇതാദ്യമായാണ് ചാണ്ടി ഉമ്മനും കെവിന്‍ തോമസും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
സൗഹാര്‍ദപരമായ കൂടിക്കാഴ്ചയ്ക്കപ്പുറം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നത് കൂടിയായിരുന്നു കൂടിക്കാഴ്ച. പാരിസ്ഥിതിക സുസ്ഥിരത, വിദ്യാഭ്യാസം, കായികം, ആരോഗ്യം എന്നീ മേഖലകളിലുള്ള യോജിച്ച ആശയങ്ങള്‍ ചാണ്ടി ഉമ്മനും ന്യൂയോര്‍ക്ക് സെനറ്ററും ചര്‍ച്ച ചെയ്തു. കേരളത്തിലെയും ന്യൂയോര്‍ക്കിലെയും ജനജീവിതത്തെ ഗുണപരമായി സ്വാധീനിക്കുന്നതിനും ആശയങ്ങളുടെ കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളായിരുന്നു കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നത്.
പൊതുസേവന സമര്‍പ്പണത്തിലും പരസ്പര ബഹുമാനത്തിലും വേരൂന്നിയ പൊതുപ്രവര്‍ത്തനം മുന്‍നിര്‍ത്തിയുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്ച അന്താരാഷ്ട്ര സഹകരണത്തിന്റെ മാതൃക ചൂണ്ടിക്കാട്ടുന്നു. 2019 മുതലുള്ള മെയ് മാസത്തെ മലയാളി പൈതൃക മാസമായി അംഗീകരിക്കാന്‍ സെനറ്റര്‍ കെവിന്‍ ന്യൂയോര്‍ക്ക് സെനറ്റില്‍ പ്രമേയം പാസാക്കി. തൃശൂര്‍ പൂരത്തിന്റെ മാതൃകയില്‍ ന്യൂയോര്‍ക്ക് പൂരം സംഘടിപ്പിക്കുന്നതടക്കമുള്ള വിവിധ ആശയങ്ങള്‍ ചാണ്ടി ഉമ്മനും സെനറ്റര്‍ കെവിനും വിലയിരുത്തി. ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ 2021ലെ പ്രൈമറി ഇലക്ഷന്‍ സ്ഥാനാര്‍ത്ഥിയും സംസ്ഥാന, ദേശീയ സംഘടനാ നേതാവുമായ കോശി ഉമ്മന്‍ തോസും യോഗത്തില്‍ പങ്കെടുത്തിരുന്നു.