ഗുർപട്‌വന്തിനെ കൊല്ലാൻ പണം നൽകിയത് അണ്ടർ കവർ ഏജന്റിന്: നിഖിൽ ഗുപ്ത പിടിക്കപ്പെട്ടതെങ്ങനെ?

 



മയക്കുമരുന്ന്-ആയുധ കടത്തുകാരനെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത എന്ന 52കാരൻ യുഎസ്സിന്റെ പിടിയിലായത് ഖാലിസ്ഥാനി വിമതൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊല്ലാൻ വാടകക്കൊലയാളിയെ തേടുന്നതിനിടയിൽ. നിഖിൽ ഗുപ്ത കണ്ടെത്തി പണം കൈമാറിയ വാടക്കൊലയാളി അമേരിക്കൻ അണ്ടര്‍കവർ ഏജന്റായിരുന്നെന്നാണ് വിവരം. ന്യൂയോർക്കിൽ വെച്ച് നിഖിൽ ഗുപ്ത ഈ അണ്ടര്‍കവർ ഏജന്റുമായി നടത്തിയ ഇടപാടുകളുടെ തെളിവുകൾ യുഎസ്സിന്റെ പക്കലുണ്ട്. ഇതിൽ ഡിജിറ്റൽ തെളിവുകളും, നിഖിൽ ഗുപ്ത ഏജന്റിന് പണം നൽകുന്നതിന്റെ ഫോട്ടോഗ്രാഫുകളും ഉൾപ്പെടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.നിഖിൽ ഗുപ്ത നിരന്തരമായി ഒരു ഇന്ത്യൻ ഉദ്യോഗസ്ഥനുമായി ആശയവിനിമയം നടത്തിയിരുന്നെന്ന വാദമാണ് മാൻഹാട്ടനിലെ യുഎസ് അറ്റോർണി ഓഫീസ് തയ്യാറാക്കിയ കുറ്റാരോപണങ്ങളിലുള്ളത്. ഈ ഇന്ത്യൻ ഉദ്യോഗസ്ഥന്റെ പേര് പുറത്തുവന്നിട്ടില്ല. കുറ്റാരോപണങ്ങളിൽ CC-1 എന്ന ഒളിപ്പേരിലാണ് ഉദ്യോഗസ്ഥനെക്കുറിച്ച് പറയുന്നത്.


എങ്ങനെയാണ് നിഖിൽ ഗുപ്ത ഈ ദൗത്യം ഏറ്റെടുത്തത് എന്നതിലും യുഎസ്സിന് ചില അനുമാനങ്ങളുണ്ട്. ഗുജറാത്തിൽ തനിക്കെതിരെയുള്ള ചില ക്രിമിനൽ കേസുകൾ ഒഴിവാക്കിക്കൊടുക്കാം എന്ന വാഗ്ദാനം നിഖിൽ ഗുപ്തയ്ക്ക് ലഭിച്ചിരുന്നെന്നാണ് വിവരം. 2023 മെയ് മാസത്തിൽ നിഖിൽ ഗുപ്തയും ഇന്ത്യൻ ഉദ്യോഗസ്ഥനും തമ്മിൽ ഫോൺ-ഡിജിറ്റൽ ആശയവിനിമയങ്ങൾ നടന്നിരുന്നെന്നാണ് യുഎസ് അന്വേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇവർ ഡിജിറ്റൽ ആശയവിനിമയങ്ങൾക്കായി ഉപയോഗിച്ചത് ചില എൻക്രിപ്റ്റഡ് ആപ്പുകളാണെന്നും അവർ പറയുന്നു.
എന്തായിരുന്നു ആശയവിനിമയം?

സിസി-1 എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്തയോട് ഒരു കൊലപാതകം സംഘടിപ്പിക്കാനാകുമോ എന്ന് ചോദിച്ചുവെന്നാണ് ആരോപണം. ഇതിനു പകരമായി ഗുജറാത്തിലെ ക്രിമിനൽ കേസുകളിൽ നിന്ന് ഗുപ്തയെ ഒഴിവാക്കിത്തരാമെന്നും സിസി-1 വാഗ്ദാനം ചെയ്തു. ഈ ആശയവിനിമയങ്ങൾക്കു പുറമെ ഗുപ്ത ന്യൂ ഡൽഹിയിലെത്തി സിസി-1 എന്ന ഉദ്യോഗസ്ഥനെ കണ്ടെന്നും കുറ്റാരോപണം പറയുന്നു.

ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു ഇരുവരുടെയും ആശയവിനിമയങ്ങൾ. ഇംഗ്ലീഷിലാണ് ഇരുവരും ടൈപ്പ് ചെയ്തത്. ശബ്ദസന്ദേശങ്ങൾ ഹിന്ദിയിലായിരുന്നു. പോകെപ്പോകെ ഇവർ വീഡിയോ കോളുകളും ചെയ്തിട്ടുണ്ട്. ഇവയിൽ ഗുപ്തയ്ക്കെതിരായ ഗുജറാത്തിലെ കേസുകളുടെ കാര്യങ്ങൾ താൻ കൈകാര്യം ചെയ്തതായി സിസി-1 പറയുന്നുണ്ട്. ഗുപ്തയ്ക്ക് ഒരു ഡിസിപിയുമായി നേരിൽ കാണാനുള്ള അവസരവും സിസി-1 ഒരുക്കുന്നുണ്ട്.
ടാർഗറ്റുകൾ
ഇരുവരുടെയും ആശയവിനിമയങ്ങളിൽ രണ്ട് 'ടാർഗറ്റു'കളെക്കുറിച്ച് പറയുന്നുണ്ട്. ഒന്ന് ന്യൂയോർക്കിലും രണ്ട് കാലിഫോർണിയയിലും. ന്യൂഡൽഹിയിൽ നിന്നാണ് സിസി-1 എന്ന ഉദ്യോഗസ്ഥന്റെ ഫോൺ ഇന്റർനെറ്റ് ആക്സസ് ചെയ്തിട്ടുള്ളത്. ഇന്ത്യൻ കോഡിലുള്ള ഫോൺനമ്പരാണ് ഉപയോഗിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഫോണിലെ മെയില്‍ ഐഡിയും യുഎസ് അന്വേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.

എങ്ങനെ കൊല്ലാനായിരുന്നു പദ്ധതി?

ഗുജറാത്തിലെ കേസുകളെല്ലാം തീർപ്പായെന്നുറപ്പായതിനു ശേഷമാണ് നിഖിൽ ഗുപ്ത മറ്റൊളുമായി ബന്ധപ്പെടുന്നത്. ഇയാളെ 'സിഎസ്' (കോൺഫിഡൻഷ്യൽ സോഴ്സ്) എന്നാണ് അന്വേഷകർ റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്. ഇയാൾ മുഖാന്തിരം യുഎസ് അണ്ടർകവർ ഏജന്റിലേക്കും എത്തുന്നു. രണ്ടുപേരും യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരായിരുന്നു എന്നാണ് റിപ്പോർട്ടുകഘ പറയുന്നത്. ഇരുവരും യുഎസ് ഉദ്യോഗസ്ഥരാണെന്ന് ഗുപ്ത തിരിച്ചറിഞ്ഞില്ല. യുഎസ്സിൽ ഒരു കൊലപാതകം നടത്താൻ ആളെ കിട്ടുമോ എന്നാണ് ഗുപ്ത ചോദിച്ചത്. ഒരു 'അഭിഭാഷകനെ'യാണ് കൊല ചെയ്യേണ്ടതെന്നും ഗുപ്ത വിശദീകരിച്ചു. താൻ അന്വേഷിക്കാമെന്ന് 'സിഎസ്' പറയുന്നു.

ജൂൺ മാസത്തിലാണ് ആരെയാണ് കൊല ചെയ്യേണ്ടതെന്ന കൃത്യമായ വിവരം നിഖിൽ ഗുപ്തയ്ക്ക് ലഭിക്കുന്നത്. ഈ വിവരങ്ങൾ താൻ 'വാടകയ്ക്കെടുത്ത' കൊലയാളിയിലേക്ക് ഗുപ്ത കൈമാറി. ജൂൺ 30ന് നിഖിൽ ഗുപ്ത ഇന്ത്യയിൽ നിന്ന് ചെക്ക് റിപ്പബ്ലിക്കിലേക്ക് പോകുന്നു. അവിടെ യുഎസ്സിന്റെ അഭ്യര്‍ത്ഥന പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നു.

എത്രയായിരുന്നു ചോരപ്പണം?
കൊലപാതകം നടത്തുന്നതിനായി യുഎസ് അണ്ടർകവർ ഏജന്റിന് 100,000 ഡോളറാണ് നിഖിൽ ഗുപ്ത കൈമാറിയത്. പണം കൈമാറുന്നതിന്റെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്ന് യുഎസ് പറയുന്നു. അതെസമയം കുറ്റപത്രത്തിൽ നിഖിൽ ഗുപ്തയെ നയിച്ചെന്നാരോപിക്കപ്പെടുന്ന ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ ചാർജ്ജുകളൊന്നുമില്ല. 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നിഖിൽ ഗുപ്ത ചെയ്തിരിക്കുന്നത്. ഇയാളെ ചെക്ക് റിപ്പബ്ലിക്ക് യുഎസ്സിലേക്ക് കയറ്റിവിടുമെന്നാണ് വിവരം.
أحدث أقدم