'അധിനിവേശം അംഗീകരിക്കില്ല'; ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക

ജറുസലേം: ​ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ബന്ദികളുടെ മോചനത്തിനായി സമാധാന ശ്രമവുമായി അമേരിക്ക. ഇസ്രയേലിനോട് താത്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ടു. ബന്ദികളുടെ മോചനത്തിന് മൂന്ന് ദിവസത്തെ വെടിനിർത്തൽ വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുളള ഫോൺ സംഭാഷണത്തിനിടെയാണ് ബൈഡൻ ആവശ്യമുന്നയിച്ചത്.

ഗാസയിലെ ഇസ്രയേൽ അധിനിവേശം അംഗീകരിക്കില്ല. ഖത്തറിൻ്റെ മധ്യസ്ഥതയിലായിരിക്കണം ചർച്ചകൾ. ഗാസയിലേക്ക് സഹായമെത്തിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. 15 ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. എന്നാൽ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം.

സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന അറബ്-ആഫ്രിക്കൻ നേഷൻസ് ഉച്ചകോടിയിൽ യുദ്ധം ചർച്ച ചെയ്യും. അതേസമയം വടക്കൻ ​ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെയും ഇസ്രയേൽ സൈന്യം വെടിവെക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ മരിച്ചുവീണവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ഗാസയിലെ ആംബുലന്‍സുകള്‍ക്ക് അകമ്പടി സേവിക്കണമെന്ന് റെഡ്‌ക്രോസിനോട് ഗാസയിലെ ആരോഗ്യമന്ത്രാലയം അഭ്യര്‍ഥിച്ചു.


ഹമാസുമായുള്ള യുദ്ധം അവസാനിച്ചശേഷം ഗാസയുടെ പൂര്‍ണമായ സുരക്ഷ ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. ഹമാസിനെ നശിപ്പിക്കാതെ യുദ്ധത്തില്‍നിന്ന് പിന്മാറില്ലെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

വടക്കൻ ​ഗാസയ്ക്ക് പുറമെ തെക്കൻ ​ഗാസയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. വടക്കൻ ​ഗാസയിൽ നിന്നുളള അഭയാർത്ഥികൾ തങ്ങുന്ന ഖാൻ യൂനിസ് ന​ഗരത്തിലും ഈജിപ്ത് അതിർത്തിയോട് ചേർന്ന റാഫയിലുമാണ് വ്യോമാക്രമണം നടത്തിയത്. മധ്യ ​ഗാസയിലെ ഡൈർ അൽ ബലയിലും ആക്രമണമുണ്ടായി.

ഇതുവരെ ഗാസയിൽ 10,000ത്തിലധികം പേർ കൊല്ലപ്പെടുകയും ഇസ്രായേലിൽ 1,400ലധികം ആളുകൾ കൊല്ലപ്പെട്ടതായുമാണ് റിപ്പോർട്ട്. ഒക്ടോബര്‍ ഏഴിന് യുദ്ധം തുടങ്ങിയശേഷം ചൊവ്വാഴ്ചവരെ 10,328 പലസ്തീന്‍കാര്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 4,237 പേര്‍ കുട്ടികളാണ്. 25,965 പേര്‍ക്ക് പരിക്കേറ്റു.
أحدث أقدم