കൊച്ചി: കുസാറ്റിലെ അപകടത്തില്‍ മരിച്ച പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ തോമസിന്റെ കുടുംബം വന്‍ കടബാധ്യതയില്‍. മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പില്‍ ജോസഫിന്റെ മകനാണ് ആല്‍ബിന്‍.
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ് പഠിച്ചശേഷം വിദേശത്ത് ഒരു ജോലിക്കായി ശ്രമിക്കുകയായിരുന്നു ആല്‍ബിന്‍. സഹോദരിയുടെ വിദ്യാഭ്യാസ ലോണടക്കം നിരവധി കടങ്ങളുമുണ്ട്. കേരള ബാങ്കില്‍ നിന്ന് ഉള്‍പ്പെടെ ഏതാനു ദിവസം മുമ്പ് നോട്ടീസ് ലഭിച്ചിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് കുടുംബം വായ്പ എടുത്തത്. ഏകദേശം എട്ടു ലക്ഷം രൂപയോളം കടമുണ്ട്.
ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നിട്ടില്ല. ഈ വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള ശേഷി കുടുംബത്തിനില്ല. ആല്‍ബിന്റെ അച്ഛന്‍ ടാപ്പിങ് തൊഴിലാളിയാണ്.
ജോലിയില്‍ പ്രവേശിച്ച് കുടുംബത്തിലെ കട ബാധ്യതകളെല്ലാം തീര്‍ക്കുകയായിരുന്നു ആല്‍ബിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലേക്ക് പോയതും. കുടുംബം സാമ്പത്തികമായി മോശം അവസ്ഥയിലാണെന്നും നാട്ടുകാര്‍ പറയുന്നു.
വീട്ടുകാര്‍ ഒരു തവണ വിളിച്ചപ്പോള്‍ തൃശൂര്‍ എത്തിയെന്ന് പറഞ്ഞിരുന്നു. പിന്നെ വിളിച്ചിട്ടു കിട്ടിയില്ല. ദുരന്ത വാര്‍ത്ത കണ്ട് പിന്നീട് നിരന്തരം വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീടാണ് ഈ നാട്ടുകാരനാണ് മരിച്ചവരിലൊരാളെന്ന് അറിഞ്ഞതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
രാത്രി 11നാണ്, അപകടത്തിനിരയായവരില്‍ ആല്‍ബിനും ഉള്‍പ്പെടുന്നെന്ന് കുടുംബം അറിഞ്ഞത്. പരിക്കേറ്റാതാകാമെന്നാണ് ആദ്യം കരുതിയിരുന്നത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മരിച്ച ആല്‍ബിന്റെ മൃതദേഹം ആദ്യം തിരിച്ചറിയാനായിരുന്നില്ല. പിന്നീട് സുഹൃത്താണ് മരിച്ചത് ആല്‍ബിന്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്. ആല്‍ബിന്റെ മൃതദേഹം സഹോദരിയും ഭര്‍ത്താവും ഏറ്റുവാങ്ങി.