കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികൾ കേരളം വിട്ട് പോകാൻ സാധ്യതയില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി


കോഴിക്കോട്: ഓയൂരിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ കേരളം വിട്ട് പോകാൻ സാധ്യതയില്ലെന്ന് മന്ത്രി ജെ ചിഞ്ചു റാണി. പൊലീസ് ഉദ്യോ​ഗസ്ഥരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. പൊലീസ് ഊർജിതമായി പരിശ്രമിക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് കുട്ടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു കുട്ടിയെ കൊണ്ടുപോയത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം കുട്ടികൾ ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. KL 01 3176 നമ്പറിലുള്ള കാറിലാണ് തട്ടിക്കൊണ്ട് പോയതെന്ന് സഹോദരൻ പൊലീസിനോട് പറഞ്ഞു. സംഭവസമയം മുതൽ കുട്ടിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന് 19 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സംഭവത്തിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുയാണെന്ന് നിലവിൽ വളരെ കുറവ് വിവരങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഐജി സ്പർജൻ കുമാർ പറഞ്ഞു സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ നമ്പർ ലഭിച്ചിട്ടുണ്ടെങ്കിലും അതിൽ ഒന്ന് വ്യാജമാണെന്നും ഐ ജി പറഞ്ഞു. എത്രയും വേഗം കുട്ടിയെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഐജി സ്പർജൻ കുമാർ കൂട്ടിച്ചേർത്തു.
أحدث أقدم