കൊച്ചി : വിശന്ന് കരഞ്ഞ് അവൾ നോക്കിയപ്പോൾ കാക്കികുപ്പായത്തിനുള്ളിലെ അമ്മമനസ് നീറി. വിശന്നുകരയുന്ന കുഞ്ഞിന്റെ സ്ഥാനത്ത് തന്റെ കുഞ്ഞിനെ ആലോചിച്ചതോടെ കൊച്ചി വനിതാ പോലീസ് സ്‌റ്റേഷനിലെ സിപിഒ എംഎ ആര്യയ്ക്ക് സഹിക്കാനായില്ല. കുഞ്ഞിനെ മാറോടു ചേർത്ത് മുലപ്പാൽ നൽകിയതോടെയാണ് ആ അമ്മ മനസിന് ആശ്വാസമായത്.
ഇന്നലെയാണ് വിവിധഭാഷാ തൊഴിലാളികളുടെ നാലുമാസം പ്രായമായ കുഞ്ഞ് കൊച്ചി സിറ്റി വനിതാ പോലീസ് സ്‌റ്റേഷനിലെത്തിയത്. ഹൃദ്രോഗിയായ മാതാവിനെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് കുഞ്ഞിന്റെയും മൂത്ത 3 കുട്ടികളുടെയും സംരക്ഷണം വനിതാ പോലീസുകാർ ഏറ്റെടുത്തത്.
ആശുപത്രി അധികൃതർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് എസ്‌ഐ ആനി ശിവയുടെ നേതൃത്വത്തിലുള്ള സംഘമെത്തി കുട്ടികളെ ഏറ്റെടുത്തത്. കുഞ്ഞുങ്ങളെ പിന്നീട് ശിശുഭവനിലേക്കു മാറ്റി.
വൈക്കം സ്വദേശിനിയായ ആര്യ പ്രസവാവധി കഴിഞ്ഞു 3 മാസം മുൻപാണു തിരികെ ജോലിയിൽ പ്രവേശിച്ചത്. സ്വന്തം കുഞ്ഞിന് 9 മാസം പ്രായമാണ് ഉള്ളത്.