കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം മാറിനൽകിയ സംഭവം രമ്യമായി പരിഹരിച്ചു. ആളുമാറി സംസ്കരിച്ച വീട്ടമ്മയുടെ മൃതദേഹത്തിന്റെ ചിതാഭസ്മം വിട്ടുനൽകിയാണ് പ്രശ്നം പരിഹരിച്ചത്. കാഞ്ഞിരപ്പള്ളിയിലെ മേരി ക്വീൻസ് ആശുപത്രിയിലുണ്ടായ സംഭവത്തിലാണ് തീരുമാനമായത്.കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ മൃതദേഹമാണ് ആശുപത്രിയിൽനിന്ന് മാറി നൽകിയത്. മാറിക്കൊണ്ടുപോയ ശോശാമ്മയുടെ മൃതദേഹം സംസ്കരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്. ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് പരാതിയും പിന്നാലെ പ്രതിഷേധവും ഉയർത്തിയത്.മേരി ക്വീൻസ് ആശുപത്രിയിൽ ചികിത്സയിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് ശോശാമ്മ മരിക്കുന്നത്. തുടർന്ന് മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ശോശാമ്മയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അതേ സമയത്ത് തന്നെ സമാന പ്രായമുള്ള ചിറക്കടവ് സ്വദേശിനിയായ കമലാക്ഷിയമ്മയുടെ മൃതദേഹവും ഇവിടെ സൂക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ശോശാമ്മയുടെ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങിയപ്പോഴാണ് അവരുടേതല്ലെന്നും ചിറക്കടവ് സ്വദേശിനിയുടേതാണെന്നും തിരിച്ചറിഞ്ഞത്. ഇതോടെ ആശുപത്രിയിൽ വലിയ രീതിയിലുള്ള പ്രതിഷേധമുയർന്നു.കമലാക്ഷിയമ്മയുടെ മൃതദേഹം എന്ന നിലയിൽ ശോശാമ്മയുടെ മൃതദേഹം കൈമാറിപ്പോകുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമാകുകയായിരുന്നു. കമലാക്ഷിയമ്മയുടെ മൃതദേഹമാണെന്ന ധാരണയിൽ അവർ സംസ്കരിക്കുകയും ചെയ്തു. മൃതദേഹം മാറി നൽകിയുള്ള ഗുരുതരമായ വീഴ്ച എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല.ആശുപത്രിക്ക് മുന്നിൽ ശോശാമ്മയുടെ ബന്ധുക്കൾ പ്രതിഷേധിച്ചതോടെ പോലീസും സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധത്തിനു പിന്നാലെയാണ് ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചത്. ശോശാമ്മയുടെ സംസ്കരിച്ച മൃതദേഹത്തിൻ്റെ ചിതാഭസ്മം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കമലാക്ഷിയമ്മയുടെ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെന്നും അവർ മൃതദേഹം ഏറ്റുവാങ്ങുമ്പോൾ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്നും ശോശാമ്മയുടെ കുടുംബം പറഞ്ഞു.
ശോശാമ്മയുടെ മൃതദേഹം നൽകിയത് കമലാക്ഷിയമ്മയുടെ കുടുംബത്തിന്, സംസ്കരിച്ചു; ഒടുവിൽ ചിതാഭസ്മം വിട്ടുനൽകി പ്രശ്നപരിഹാരം
jibin
0