ബംഗാൾ ഉൾക്കടലിൽ മിദ്ഹിലി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് മഴ കനക്കും


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ മിദ്ഹിലി ചുഴലിക്കാറ്റ് രൂപപ്പെട്ടു. മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചതോടെയായിരുന്നു ചുഴലിക്കാറ്റായി മാറിയത്. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിലവിൽ ഒഡിഷ തീരത്തു നിന്നും കിഴക്ക് ദിശയിൽ 190 കിലോമീറ്റർ അകലെയും പശ്ചിമ ബംഗാളിന്റെ തെക്ക് -തെക്ക് കിഴക്കു ദിശയിൽ 200 കിലോമീറ്റർ അകലെയും ബംഗ്ലാദേശിന്റെ തെക്കു പടിഞ്ഞാറു ദിശയിൽ 220 കിലോമീറ്റർ അകലെയും ആയിട്ടാണ് നിലവിൽ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. നാളെ രാവിലെയോടെ ചുഴലിക്കാറ്റ് വടക്കു -വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു ബംഗ്ലാദേശ് തീരത്തുകൂടി സഞ്ചരിക്കാൻ സാദ്ധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക- തമിഴ്‌നാട് തീരത്തിനു സമീപവും അറബികടലിൽ കന്യാകുമാരി തീരത്തിനു സമീപവും ചക്രവാതചുഴികൾ സ്ഥിതിചെയുന്നുണ്ട്. ഇതും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണം ആകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ഞായറാഴ്ച മുതൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജനങ്ങൾക്ക് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
أحدث أقدم