ഗാസയിൽ അടിയന്തിരമായി വെടിനിർത്തണമെന്ന് അറബ് രാജ്യങ്ങൾ


ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ. സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും ഇസ്രായേലിനോട് ആവശ്യപ്പെട്ടു. എന്നാൽ അറബ് രാജ്യങ്ങളുടെ ആവശ്യത്തെ എതിർത്ത അമേരിക്ക ഈ നീക്കം ഹമാസിനെ കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്ന് പ്രതികരിച്ചു. ബന്ദികളാക്കപ്പെട്ടവരുടെ മോചനം സാധ്യമാകുന്നത് വരെ വെടിനിർത്തൽ അജണ്ടയിൽ ഇല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.

ഇതിനിടെ ഗാസയിലെ ജബലിയ പ്രവിശ്യയിലെ സ്കൂളിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ ആവശ്യപ്പെട്ട് ഗാസയിൽ പതിനായിരക്കണക്കിന് പ്രക്ഷോഭകർ തെരുവിൽ പ്രതിഷേധം നടത്തി. തെക്കൻ ലെബനനേതിരായ കടന്നാക്രമണം ഇസ്രയേൽ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രായേലിന്റെ സൈന്യം ഗാസയുടെ പ്രധാന നഗരം വളഞ്ഞതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. ഹമാസ് ഭരിക്കുന്ന എൻക്ലേവിൽ ഒരാഴ്ചയായി സൈന്യം കര പ്രവർത്തനങ്ങൾ വിപുലീകരിച്ചിരുന്നു. തുടർന്നാണ് ഗാസ നഗരം വളഞ്ഞതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി വ്യാഴാഴ്ച അറിയിച്ചത്. ഹമാസിന്റെ കേന്ദ്രമായ ഗാസ നഗരം വളയുന്നത് ഇസ്രായേൽ സൈനികർ പൂർത്തിയാക്കി. വെടിനിർത്തൽ സാധ്യതകൾ നിലവിൽ പരിഗണനയിലില്ലെന്ന് ഹഗാരി പറഞ്ഞു. എന്നാൽ, ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഗാസ ഇസ്രായേലിന് ചരിത്ര ശാപമായി മാറും. ഗാസയിൽ പ്രവേശിക്കുന്ന ഇസ്രായേലി സൈനികർ കറുത്ത ബാഗിലേ വീട്ടിലേക്ക് തിരിച്ചുപോകൂ എന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
أحدث أقدم