കോഴിക്കോട്: കെ.എസ്.യു പ്രവര്‍ത്തകന്‍റെ കഴുത്തു ഞെരിച്ച സംഭവത്തില്‍ കോഴിക്കോട് ഡി.സി.പി കെ.ഇ ബൈജുവിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഡി.സി.പിക്ക് അടുത്ത സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍ സമന്‍സ് അയച്ചു. സിറ്റി പോലീസ് കമ്മീഷണർ സംഭവം അന്വേഷിച്ച് 14 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയർപേഴ്സൻ കെ. ബൈജു നാഥാണ് കേസ് പരിഗണിച്ചത്.കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്ത്, നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയപ്പോഴാണ് കെ.എസ്.യു പ്രവര്‍ത്തകന്‍ ജോയല്‍ ആൻറണിയുടെ കഴുത്തു പിടിച്ച് ഡി.സി.പി കെ.ഇ ബൈജു ഞെരിച്ചത്. സംഭവത്തില്‍ കഴുത്തിന് പരിക്കേറ്റതായി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയല്‍ ആൻറണി പരാതിയും നല്‍കിയിരുന്നു.