പത്തനംതിട്ട: ജില്ലയിൽ പെയ്ത അതിശക്തമായ മഴയിൽ കനത്ത നാശം. നിരവധി വീടുകളിൽ വെള്ളം കയറി. ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി. റോഡുകൾ പലതും വെള്ളത്തിനടിയിലാണ്. നാരങ്ങാനം പഞ്ചായത്തിൽ വലിയകുളത്തിന് സമീപം സുധി എന്ന സ്ത്രീയെയാണ് കുളിക്കാനിറങ്ങവെ പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ നാട്ടുകാരും പോലീസും ഫയർ ഫോഴ്സും ചേർന്ന് നടത്തുകയാണ്.നഗരത്തിലും ഇലന്തൂർ, നാരങ്ങാനം, ചെന്നീർക്കര, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലും അതിതീവ്ര മഴയാണ് പെയ്തത്. കുമ്പഴ തിരുവല്ല റോഡിൽ വെള്ളം കുത്തിയൊഴുകി ഗതാഗതം താത്ക്കാലികമായി തടസപ്പെട്ടു. വെട്ടിപ്രത്തിന് സമീപം പെരിങ്ങമലയിൽ മലവെള്ളപ്പാച്ചിൽ നിരവധി വീടുകളിൽ വെള്ളം കയറി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഇലന്തൂർ പരിയാരം തുമ്പമൺതറ ഭാഗത്ത് തോട് കവിഞ്ഞൊഴുകി വീടുകളിൽ വെള്ളം കയറി. തുമ്പമൺതറ തേയില മണ്ണിൽ എസ്റ്റേറ്റിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായി വൻ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.
മേഘവിസ്‌ഫോടനം പോലെയായിരുന്നു മഴ പെയ്തത്. മിനിറ്റുകൾക്കകം വെള്ളം കുത്തിയൊലിച്ചെത്തി. റോഡുകളിലും കടകളിലും വെള്ളം കയറി. റോഡുകളിൽ തോടു പോലെ ശക്തമായ വെള്ളപ്പാച്ചിൽ ഉണ്ടായി. നിരവധി വ്യാപാര സ്ഥാപനങ്ങളിലും പെട്രോൾ പമ്പിലും വെള്ളം കയറി. സെൻട്രൽ ജങ്ഷൻ - സ്‌റ്റേഡിയം ജങ്ഷൻ റോഡിലെ വ്യാപാര കേന്ദ്രങ്ങളിലാണ് വെള്ളം കയറിയത്. പല കടകളും റോഡിനേക്കാൾ താഴ്ന്ന ഭാഗത്താണുള്ളത്. ചെറിയ മഴ പെയ്താൽ പോലും ഇവിടെ വെള്ളം കയറാനുള്ള സാധ്യത ഏറെയാണ്. വ്യാപാര സ്ഥാപനങ്ങൾക്ക് കനത്ത നാശനഷ്ടവും ഉണ്ടായി.അടിയന്തരമായി ഓടകൾ വൃത്തിയാക്കി കടകളിൽ വെള്ളം കയറുന്ന സ്ഥിതി ഒഴിവാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. റിങ് റോഡിൽ ജെ മാർട്ടിന് സമീപം പെട്രോൾ പമ്പിൽ വെള്ളം കയറി. വെട്ടിപം ഗവ. എൽപിഎസിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ തകർന്നുവീണു. ഡോക്‌ടേഴ്‌സ് ലേനിലെ റോഡ് തോടായി മാറി. അടൂർ, റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളിലും കനത്ത മഴയിൽ നാശം ഉണ്ടായിട്ടുണ്ട്.