കോട്ടയം : കോഴിമുട്ടയുടെ ആകൃതിയെന്താ , ദീര്‍ഘവൃത്തം ' അല്ല ' നീളത്തില്‍ !! . അതിരമ്പുഴ പഞ്ചായത്തിലെ കാട്ടാത്തി പ്രദേശത്ത് കോഴിമുട്ടയുടെ രൂപം ചോദിച്ചാല്‍ ഇപ്പോള്‍ ഭിന്നാഭിപ്രായമാണ്. പഴയകാലായില്‍ വീട്ടില്‍ രവീന്ദ്രന്‍ ചേട്ടന്റെ വീട്ടിലെ കോഴിയാണ് ഈ അഭിപ്രായ ഭിന്നതയ്ക്ക് കാരണം. കഴിഞ്ഞ ദിവസം മനുഷ്യ ഭ്രൂണത്തിനോട് സാമീപ്യം തോന്നുന്ന ആകൃതിയില്‍ കോഴിയിട്ട മുട്ടയാണ് പ്രദേശവാസികളില്‍ കൗതുകവും അതിലേറെ ആശങ്കയും വളര്‍ത്തിയത്.
ഓവല്‍ഷേപ്പില്‍ (ദീര്‍ഘവൃത്താകൃതിയില്‍) സാധാരണ പോലെ മുട്ടകള്‍ ഇട്ടിരുന്ന ഒരു വയസ്സുള്ള രവീന്ദ്രന്റെ കോഴി ഏതാനും ആഴ്ച മുന്‍പാണ് ഒരു കുമ്പളങ്ങയുടെ ആകൃതിയില്‍ ഒരു മുട്ട ഇട്ടത് , തുടര്‍ന്ന് സാധാരണ ഗതിയില്‍ മുട്ടകളിടാന്‍ തുടങ്ങിയതിനാല്‍ സംഭവം ആരോടും പറഞ്ഞിരുന്നില്ല , എന്നാല്‍ കോഴി കഴിഞ്ഞ ദിവസം മനുഷ്യ ഭ്രൂണത്തിന്റെ രൂപത്തിലെ മുട്ട ഇട്ടതോടെ കാര്യങ്ങള്‍ ഗൗരവമായി. അത്ഭുത മുട്ടയും അതിട്ട കോഴിയേയും ഏറ്റുമാനൂര്‍ വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി.ബിജു കോഴിയെ പരിശോധിച്ച ശേഷമാണ് രവീന്ദ്രന്‍ ചേട്ടന്‍ ചുണ്ടില്‍ വീണ്ടും ചിരി വിടര്‍ന്നത്.
കാലാവസ്ഥയിലെ മാറ്റം ഇതിന് കാരണമാകും - ഡോ. പി.ബിജു (സീനിയര്‍ വെറ്ററിനറി സര്‍ജ്ജന്‍ ഏറ്റുമാനൂര്‍ മൃഗുപത്രി)
ഗര്‍ഭപാത്രത്തിന്റെ വൈരൂപ്യം മൂലം സ്ഥിരമായിട്ട് ചില കോഴികള്‍ ഇത്തരത്തില്‍ വൈരൂപ്യമുള്ള മുട്ടകളിടാന്‍ സാധ്യയുണ്ട് , അതിന് പരിഹാരമൊന്നും തന്നെ ഇല്ല അത് തികച്ചും ഒരു ജനിതക വൈകല്യമാണ്. എന്നാല്‍ ഇത് തികച്ചും വ്യത്യസ്തമാണ് , കാലാവസ്ഥയിലെ വ്യതിയാനം ഇതിന് പ്രധാന കാരണമാണ്. പ്രതീക്ഷിക്കാതെയുളള മഴ , പകലിന് ദൈര്‍ഘ്യം കുറവ് തുടങ്ങിയവയെല്ലാം തന്നെ പക്ഷി മൃഗാദികളില്‍ പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങളാണ്. മുട്ട ഇടുന്ന പക്ഷികളെ സംബന്ധിച്ചിടത്തോളം പകലിന്റെ ദൈര്‍ഘ്യം ഉല്പാദനത്തിനെ ബാധിക്കുന്നു. രവീന്ദ്രന്‍ പറഞ്ഞത് അനുസരിച്ച് ഈ മുട്ട ഇടുന്ന ദിവസങ്ങളില്‍ ഇടിയോട് കൂടിയ മഴയും പകല്‍ കുറവുമായിരുന്നു. ഒരു പക്ഷേ ഈ കാലാവസ്ഥ വ്യതിയാനം സാധാരണ മുട്ട ഇടുന്ന പ്രകൃയ ആ പക്ഷിയുടെ ശരീരത്തില്‍ സംഭവിച്ചു കാണില്ല അതാവാം ഇത്തരത്തില്‍ ഒരു മുട്ട ലഭിക്കാന്‍ കാരണമായത്. സാധാരണ ഗതിയിലെ കാലാവസ്ഥയില്‍ സാധാരണ രീതിയിലുള്ള മുട്ടകള്‍ തന്നെ ഉല്പാദിപ്പിക്കാന്‍ ഈ കോഴിക്ക് സാധിക്കും.