കോഴിക്കോട് : റോബിൻ ബസ് സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. റോബിൻ ബസ് കോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് നിരത്തിലിറങ്ങുന്നത്. മോട്ടോർ വാഹനം വകുപ്പ് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
റോബിൻ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹനവകുപ്പ് മുന്നോട്ട് പോകുകയാണ്. പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് എംവിഡി പിടിച്ചെടുത്ത് ബസ് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റി. വാഹനത്തിന് എതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്.