മണിമലയിൽ കവർച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മൂന്ന് വർഷത്തിനുശേഷം പോലീസിന്റെ പിടിയിൽ.



 മണിമല: കവർച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന  പ്രതിയെ മൂന്നുവർഷത്തിനുശേഷം പോലീസ് പിടികൂടി. കറുകച്ചാൽ ഉമ്പിടി ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ ഉമ്പിടി സോജി എന്ന് വിളിക്കുന്ന ദേവസ്യ വർഗീസ്(46) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന്  2020 സെപ്റ്റംബർ ആറാം തീയതി വെളുപ്പിനെ ചാമംപതാൽ ഭാഗത്ത് വച്ച്  പത്തനംതിട്ട റാന്നി സ്വദേശിയായ യുവാവും സുഹൃത്തും സഞ്ചരിച്ചിരുന്ന  കാർ തടഞ്ഞുനിർത്തി കാറിന്റെ ചില്ല് അടിച്ചു പൊട്ടിച്ച ശേഷം  മുളക് സ്പ്രേ അടിക്കുകയും തുടര്‍ന്ന് അവരുടെ കയ്യിൽ ഉണ്ടായിരുന്ന 5 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയുമായിരുന്നു. പരാതിയെ തുടർന്ന്  മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഈ കേസിലെ മറ്റൊരു പ്രതിയായ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലാണ് ഇയാൾ ഇപ്പോൾ പോലീസിന്റെ പിടിയിലാകുന്നത്. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രകാശ്, എസ്.ഐ മാരായ ബിജോയ്, സുനിൽ, എ.എസ്.ഐ സിന്ധുമോൾ, സി.പി.ഓ മാരായ ജിമ്മി ജേക്കബ്, സാജുദ്ദീൻ, ജസ്റ്റിൻ ജേക്കബ്, സജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

أحدث أقدم