ദുരന്തമായി കണ്ണൂരിലെ ഡ്രൈവറുടെ മരണം


കണ്ണൂർ : കാൽനടയാത്രക്കാരനെ ഇടിച്ച് അപകടമുണ്ടായ ശേഷം ആൾക്കൂട്ടത്തിന്റെ ആക്രമണം ഭയന്നായിരുന്നു ജീജിത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ വലിയൊരു ദുരന്തമായിരുന്നു ജീജിത്തിനെ കാത്തിരുന്നത്. ഇന്നലെ വൈകിട്ട് കണ്ണൂര്‍ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം.
 കാൽനടയാത്രക്കാരനായ മുനീറിനെ ഇടിച്ച് അപകടം നടന്ന ശേഷം, ആൾക്കൂട്ടം ബസ് ജീവനക്കാരെ തടയുകയും അക്രമാസക്തമാവുകയും ചെയ്തിരുന്നു. ബസ് കണ്ടക്ടർക്കും ക്ലീനർക്കും മർദ്ദനമേൽക്കുകയും ചെയ്തതായാണ് ദൃക്സാക്ഷികൾ പറയുന്നത്.

ആക്രമണം ഭയന്ന ഡ്രൈവറായ ജീജിത്ത് അപകടം നടന്നയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കാണ് ജീജിത്ത് ഓടിക്കയറിയത്. ട്രാക്കിലൂടെ ഓടി അടുത്ത ട്രാക്ക് കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴായിരുന്നു കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന മെമു ട്രെയിന്‍ ഇടിച്ചത്.

 ആൾക്കൂട്ടം പിന്നാലെയുണ്ടെന്ന് ധാരണയിൽ ട്രെയിൻ ശ്രദ്ധിക്കാതെ ഓടിയതാണ് ദുരന്തത്തിൽ കലാശിച്ചത്.

റോഡും റെയില്‍വെ ട്രാക്കും സമാന്തരമായി കിടക്കുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത് .

 റോഡിന്റെ ഒരു ഭാഗത്ത് പെട്ടിപ്പാലം കോളനിയും മറുഭാഗത്ത് റെയിൽവേ ട്രാക്കുമാണ്. അപകടത്തിൽ ജീജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ബസിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മുനീർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെതുടര്‍ന്ന് കാല്‍നട യാത്രക്കാരന്‍ ബസിന്‍റെ അടിയിലേക്കാണ് വീണതെന്നും, ഇത് കണ്ട് ഭയന്നാണ് ഡ്രൈവര്‍ ബസില്‍നിന്നും വേഗമിറങ്ങി സ്ഥലത്തുനിന്നും മാറാന്‍ ശ്രമിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നു.

 വടകര- തലശ്ശേരി റൂട്ടിലെ ശ്രീഭഗവതി, സൗഹൃദ ബസുകളിലെ ഡ്രൈവറാണ് ജീജിത്ത്. 20 വർഷമായി ബസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
أحدث أقدم