ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം ആറിന് അവധി പ്രഖ്യാപിച്ചു



ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഈ മാസം ആറിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ട‍‍ർ ഉത്തരവിറക്കി (Mannarasala Ayilyam 2023 Date). മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണെന്ന് കളക്ട‍ർ അറിയിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് ഈ മാസം നാലിന് തുടക്കമാകും. ആറിനാണ് ആയില്യം. ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി ഉമാദേവി അന്തർജനം സമാധിയായതിനെ തുട‍ർന്ന് സാവിത്രി അന്തർജനം മണ്ണാറശാല അമ്മയായി അഭിഷിക്തയായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒൻപതിനായിരുന്നു ഉമാദേവി അന്തർജനം (93) സമാധിയായത്.ഉമാദേവി അന്തർജനത്തിൻ്റെ സമാധി വർഷമായതിനാൽ ഇക്കുറി ആയില്യം മഹോത്സവത്തോടനുബന്ധിച്ച് കലാ - സാംസ്കാരിക പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. ആധ്യാത്മിക പരിപാടികൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ആയില്യം നാളിലെ എഴുന്നള്ളത്തും നിലവറയ്ക്കു സമീപം അമ്മ നടത്തുന്ന വിശേഷാൽ പൂജകളും ഉണ്ടാകില്ല. ആയില്യത്തിനു മുന്നോടിയായി കാവുകളിലെ പൂജകൾ ആരംഭിച്ചു.നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കുമുള്ള കളഭമുഴുക്കാപ്പ് ചാർത്തൽ രോഹിണി നാളായ ഇന്ന് മുതൽ ആരംഭിച്ചു. പു‍ണർതം നാളായ നാലിന് മുഴുക്കാപ്പ് ചാർത്തൽ പൂർണമാകും. തുടർന്ന് ആയില്യ മഹോത്സവത്തിന് തുടക്കമാകും. അഞ്ചിനാണ് പൂയം തൊഴൽ. ആയില്യം നാളായ ആറിന് രാവിലെ 9:30ന് അമ്മ സാവിത്രി അന്തർജനം നിലവറയ്ക്ക് സമീപം ഭക്തർക്ക് ദർശനം നൽകും.രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ നാഗരാജാ ക്ഷേത്രമാണ് ഹരിപ്പാട് സ്ഥിതിചെയ്യുന്ന മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം. പരമേശ്വരൻ കഴുത്തിലണിഞ്ഞ വാസുകിയും നാഗമാതാവായ സർപ്പയക്ഷിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. നാഗയക്ഷി, നാഗാചാമുണ്ഡി എന്നീ പ്രതിഷ്ഠകളും ഒട്ടനവധി ഉപദേവതകളും ക്ഷേത്രത്തിലുണ്ട്. ഉരുളി കമഴ്ത്തൽ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.

أحدث أقدم