തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി വ്യാപന സാധ്യത. പകർച്ചവ്യാധി വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരമായ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. ഈ ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നാണ് നിർദേശം.പകർച്ചപ്പനി പ്രതിരോധം ചർച്ച ചെയ്യാൻ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകൾക്കാണ് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയത്. ഈ ജില്ലകളിലെ നഗരപരിധിയിലും തീരമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തൽ.ഈ ജില്ലകളിലെ നഗരപരിധിയിലും തീരമേഖലകളിലും ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായില്ലെന്നും വിലയിരുത്തൽ ഉണ്ട്. ഇടവിട്ടുള്ള മഴ തുടരുന്ന പശ്ചാത്തലത്തിൽ പെട്ടെന്ന് രോഗികളുടെ എണ്ണം കുറയാൻ സാധ്യത ഇല്ലെന്നാണ് നിഗമനം. വെള്ളിയാഴ്ച 86 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം നടത്തിയില്ലെങ്കിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനാൽ ജാഗ്രത പാലിക്കണം. ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലാ കളക്ടർമാരെ സ്ഥിതി അറിയിക്കുകയും ഹോട്ട് സ്പോട്ടുകൾ കൈമാറുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും വേണം. ജില്ലകളിലെ ഹോട്ട് സ്പോട്ട് മാപ്പുകൾ പ്രസിദ്ധീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.എല്ലാ ജില്ലകളുടേയും പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. ഫീൽഡ്തല പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. കൊതുകുകളുടെ ഉറവിട നശീകരണത്തിന് പ്രത്യേക പ്രാധാന്യം നൽകണം. ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും വെക്ടർ കൺട്രോൾ യൂണിറ്റും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തണം. കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തണം. എല്ലാ വീടുകളും ആശുപത്രികളും സ്ഥാപനങ്ങളും കൊതുക് വളരാതിരിക്കാൻ ശ്രദ്ധിക്കണം. വീടിന്റെ അകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാതെ നോക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം.എലിപ്പനിയ്ക്കെതിരേയും അതീവ ജാഗ്രത വേണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. സ്വയംചികിത്സ പാടില്ല. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനികൾക്ക് സാധ്യതയുള്ളതിനാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
പകർച്ചവ്യാധി വ്യാപനം: ഈ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം, ഡെങ്കിപ്പനി വ്യാപനം രൂക്ഷമെന്ന് വിലയിരുത്തൽ
jibin
0