പതിനായിരങ്ങൾ അണിനിരന്ന് പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് തുടക്കം



കോഴിക്കോട്: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കുന്നത് പതിനായിരക്കണക്കിന്. കോഴിക്കോട് നടക്കുന്ന പരിപാടിയിൽ സമസ്ത ഉൾപ്പെടെയുള്ള സമുദായ സംഘടനകളുടെ നേതാക്കളും പങ്കെടുക്കുന്നുണ്ട്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വേദിയിൽ എത്തിയിട്ടുണ്ട്. പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്ന നിലപാട് സമസ്ത നേരത്തെ തന്നെ സ്വീകരിച്ചിരുന്നു.
നേരത്തെ കോഴിക്കോട് ബീച്ചിൽ നവകേരള സദസ്സിന് വേദി നിശ്ചയിച്ചിരുന്നതിനാൽ സംയുക്തമായി പലസ്തീൻ ഐക്യദാർഢ്യ റാലി പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിന്നിരുന്നു. പിന്നീട് മന്ത്രി മുഹമ്മദ് റിയാസും ജില്ലാ നേതൃത്വവും ഇടപെട്ട് നവകേരള വേദിക്ക് സമീപം തന്നെ റാലി സംഘടിപ്പിക്കുകയായിരുന്നു.
നേരത്തെ മുസ്ലിം ലീഗും സമസ്തയും സിപിഐഎമ്മും കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മുസ്ലിം ലീഗ് വേദിയിൽ ശശി തരൂർ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. റാലിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂരിന് ആവേശകരമായ സ്വീകരണമാണ് കോഴിക്കോട് ലഭിച്ചത്. മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ ശശി തരൂരിനെ വേദിയിലേയ്ക്ക് സ്വീകരിച്ചത്. റാലിയിൽ ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ ശശി തരൂർ എന്ത് നിലപാടെടുക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 
أحدث أقدم