സന്ദര്‍ശന വിസയിലെത്തി സൗദിയില്‍ മരിച്ച കോട്ടയം സ്വദേശിയുടെ ആന്തരികാവയവങ്ങള്‍ ദാനംചെയ്തു.



റിയാദ്: സന്ദര്‍ശന വിസയിലെത്തി സൗദിയില്‍ മരിച്ച കോട്ടയം സ്വദേശിയുടെ ആന്തരികാവയവങ്ങള്‍ ദാനംചെയ്തു. കോട്ടയം മേവള്ളൂര്‍ വെള്ളൂര്‍ ചാമക്കാലയില്‍ വീട്ടില്‍ തച്ചേത്തുപറമ്പില്‍ വര്‍ക്കി ജോസ് (61) ന്റെ വൃക്ക, കരള്‍, നേത്രപടലം എന്നിവയാണ് മറ്റ് രോഗികള്‍ക്കായി മാറ്റിവെച്ചത്.സൗദിയിലെ അല്‍ഖര്‍ജില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന വര്‍ക്കി ജോസിന്റെ മകള്‍ പിങ്കിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അവയവങ്ങള്‍ ദാനംചെയ്യാന്‍ കുടുംബം തീരുമാനിച്ചത്. അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയിലാണ് പിങ്കി ജോലി ചെയ്യുന്നത്. ഇതേ ആശുപത്രിയില്‍ തന്നെ അവയവദാനം നടത്താനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട്നല്‍കുകയായിരുന്നു.മകളെ സന്ദര്‍ശിക്കാനാണ് വര്‍ക്കി ജോസ് നാല് മാസം മുമ്പ്് സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിയത്. മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 20 ദിവസത്തോളം ചികില്‍സയില്‍ തുടര്‍ന്നു. ഇതിനിടെ ഹൃദയാഘാതമുണ്ടാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.പിതാവിന്റെ വേര്‍പാടിന്റെ വേദനയ്ക്കിടയിലും കുടുംബത്തിന്റെ കൂടി അനുവാദം വാങ്ങി പിങ്കി മൂന്ന് രോഗികള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിയുന്ന മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. സഹോദരന്‍ ജിന്‍സും മറ്റു കുടുംബാംഗങ്ങളും പിന്തുണ നല്‍കി കൂടെനിന്നു.ജിന്‍സും സൗദിയിലാണ് ജോലി ചെയ്യുന്നത്. തബൂക്ക് നിയോമിലാണ് ജോലി. മേരിയാണ് വര്‍ക്കി ജോസിന്റെ ഭാര്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

أحدث أقدم