ബെംഗളൂരു: റോഡിൽ വീണ് കിടന്നിരുന്ന വൈദ്യുതി കമ്പിയിൽ ചവിട്ടി യുവതിയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ബെംഗളൂരു സ്വദേശിനിയായ സൗന്ദര്യ (23) മകൾ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിൽ രാവിലെ ആറ് മണിയ്‌ക്കാണ് സംഭവം.
തമിഴ്‌നാട്ടിൽ നിന്നും യുവതിയുടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഒടിഞ്ഞ് റോഡരികിൽ വീണ് കിടന്ന കമ്പിയിൽ യുവതി ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാൽ കമ്പി കിടക്കുന്നത് യുവതി കണ്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന് കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.