തൃശ്ശൂർ: കുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യയ്ക്ക് സഹായ ഹസ്തവുമായി സുരേഷ് ഗോപി. മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യയ്ക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരിലെത്തി സുരേഷ് ഗോപി ധന്യയെയും കുടുംബത്തെയും കാണും.
ഗുരുവായൂർ ക്ഷേത്ര നടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂവ് വിൽക്കുന്ന ധന്യയുടെ ദുരിത ജീവിതം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ മാദ്ധ്യമങ്ങളിൽ വാർത്തയുമായി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്ത് എത്തിയത്. ധന്യയെയും കുടുംബത്തെയും കാണാൻ അദ്ദേഹം നാളെയെത്തുമെന്നാണ് വിവരം.
ധന്യയും കുടുംബവും വാടക വീട്ടിലാണ് താമസം. ഭർത്താവ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടുകയാണ്. ഭർതൃമാതാവിനും സുഖമില്ല. പ്രണയവിവാഹം ആയതിനാൽ നേരത്തെ തന്നെ ധന്യയെ കുടുംബം കയ്യൊഴിഞ്ഞിരുന്നു. ഇതേ തുടർന്നാണ് ക്ഷേത്ര നടയിൽ കുഞ്ഞുമായി മുല്ലപ്പൂ വിൽപ്പന ആരംഭിച്ചത്. പുലർച്ചെ തന്നെ ധന്യ ക്ഷേത്രത്തിൽ എത്തി പൂവിൽപ്പന ആരംഭിക്കും.